വെട്ടുക്കിളി ചിറകിനു പുറത്തു പുള്ളികളും പറക്കുമ്പോള്‍ മിന്നിത്തിളങ്ങുന്നവിധം ചിറകിന്റെ അകവശത്ത് മഞ്ഞനിറവും ഉള്ള മനോഹരമായ പ്രാണിയാണ്. എന്നാല്‍ അതിന്റെ സൗന്ദര്യം അല്‍പം വഞ്ചനാപരമാണ്. ഈ പ്രാണിയെ വിളകള്‍ക്ക് വലിയ നാശം വരുത്തുന്നവയായി കണക്കാക്കുന്നു. അതിനര്‍ത്ഥം പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും ദോഷം വരുത്താന്‍ അവയ്ക്കു കഴിവുണ്ടെന്നാണ്. സസ്യങ്ങളുടെ പച്ചയായ ഭാഗങ്ങളെല്ലാം അവ തിന്നു നശിപ്പിക്കുന്നു. ഗോതമ്പ്, ചോളം, മറ്റ് സസ്യങ്ങള്‍ എന്നിവ തിന്നുകയും അവയുടെ നീര് ഊറ്റിക്കുടിച്ച് അവയെ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു.

ആദാമിന്റെയും ഹവ്വായുടെയും കഥയില്‍, വ്യത്യസ്തമായ ഒരു ഭീഷണിയെക്കുറിച്ച് നാം മനസ്സിലാക്കുന്നു. ദൈവത്തെ അനുസരിക്കാതിരിക്കാനും വിലക്കപ്പെട്ട ഫലം ഭക്ഷിച്ച് ”ദൈവത്തെപ്പോലെ” ആകുന്നതിനും സാത്താന്‍ എന്ന പാമ്പ് ദമ്പതികളെ വഞ്ചിച്ചു(ഉല്പത്തി 3:1-7). എന്തുകൊണ്ടാണ് ഒരു പാമ്പു പറയുന്നത് കേള്‍ക്കുന്നത്? അവന്റെ വാക്കുകള്‍ മാത്രമാണോ ഹവ്വായെ വശീകരിച്ചത്? അതോ അവനെ സംബന്ധിച്ച് ആകര്‍ഷണീയമായ എന്തെങ്കിലും ഉണ്ടായിരുന്നോ? സാത്താന്‍ മനോഹരരൂപിയായി സൃഷ്ടിക്കപ്പെട്ടതാണെന്നു തിരുവെഴുത്ത് സൂചിപ്പിക്കുന്നു (യെഹെസ്‌കേല്‍ 28:12). എന്നിട്ടും സാത്താന്‍ ഹവ്വായെ വശീകരിക്കാന്‍ ഉപയോഗിച്ച അതേ പ്രലോഭനത്താല്‍ – ”ഞാന്‍ അത്യുന്നതനോടു സമനാകും” (യെശയ്യാവ് 14:14; യെഹെസ്‌കേല്‍ 28:9) – തന്നെ വീണു.

സാത്താന് ഇപ്പോള്‍ ഉള്ള ഏതൊരു സൗന്ദര്യവും അവന്‍ മനുഷ്യരെ വഞ്ചിക്കാന്‍ ഉപയോഗിക്കുന്നു (ഉല്പത്തി 3:1; യോഹന്നാന്‍ 8:44; 2 കൊരിന്ത്യര്‍ 11:14). അവന്‍ വീണുപോയതുപോലെ, മറ്റുള്ളവരെയും വീഴിക്കാന്‍ – അല്ലെങ്കില്‍ അവര്‍ വളര്‍ച്ച പ്രാപിക്കുന്നതു തടയാന്‍ – അവന്‍ ശ്രമിക്കുന്നു. പക്ഷേ, നമ്മുടെ ഭാഗത്ത് കൂടുതല്‍ ശക്തനായ ഒരാളുണ്ട്! നമ്മുടെ സുന്ദര രക്ഷകനായ യേശുവിന്റെ അടുത്തേക്ക് നമുക്ക് ഓടിച്ചെല്ലാം.