ജീവിതത്തില്‍ നാം നോക്കുന്നതെന്തും – നാം അത് എങ്ങനെ കാണുന്നു എന്നതും – നമ്മുടെ അടുത്ത ചുവടുകളെ, നമ്മുടെ വിധിയെപ്പോലും സ്വാധീനിക്കുമെന്ന് എഴുത്തുകാരന് മാര്‍ക്ക് ട്വെയ്ന് അഭിപ്രായപ്പെട്ടു. ട്വെയ്ന് പറഞ്ഞതുപോലെ, ”നിങ്ങളുടെ ഭാവനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തപ്പോള്‍ നിങ്ങളുടെ കണ്ണുകളെ ആശ്രയിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.”
സുന്ദരം എന്ന തിരക്കേറിയ ദൈവാലയഗോപുരത്തിങ്കല്‍ വെച്ചു ഭിക്ഷയാചിച്ച മുടന്തനായ ഒരു ഭിക്ഷക്കാരനോട് മറുപടി പറഞ്ഞപ്പോള്‍ പത്രൊസും നോട്ടത്തെക്കുറിച്ച് സംസാരിച്ചു (പ്രവൃത്തികള്‍ 3:2). ആ മനുഷ്യന് അവരോട് പണം ചോദിച്ചപ്പോള്‍ പത്രൊസും യോഹന്നാനും ആ മനുഷ്യനെ ഉറ്റു നോക്കി. എന്നിട്ട് പത്രൊസ് പറഞ്ഞു: ‘ഞങ്ങളെ നോക്കൂ” (വാ. 4).
എന്തുകൊണ്ടാണ് അവന് അങ്ങനെ പറഞ്ഞത്? ക്രിസ്തുവിന്റെ സ്ഥാനപതിയെന്ന നിലയില്‍, യാചകന് സ്വന്തം പരിമിതികള്‍ നോക്കുന്നത് അവസാനിപ്പിക്കണമെന്ന് – അതെ, പണത്തിന്റെ ആവശ്യകത നോക്കാതിരിക്കാനും – പത്രൊസ് ആഗ്രഹിച്ചിരിക്കാം. അവന് അപ്പൊസ്തലന്മാരെ നോക്കിയാല്‍, ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം അവന് കാണുമായിരുന്നു.
”വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നടക്കുക” എന്നു പത്രൊസ് അവനോടു പറഞ്ഞു (വാ. 6). തുടര്‍ന്നു പത്രൊസ് ”അവനെ വലം കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്റെ കാലും നരിയാണിയും ഉറച്ചു അവന് കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു” (വാ. 7-8).
എന്താണ് സംഭവിച്ചത്? ആ മനുഷ്യന് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു (വാ. 16). സുവിശേഷകനായ ചാള്‍സ് സ്പര്‍ജന്‍ ആവശ്യപ്പെട്ടതുപോലെ, ”നിങ്ങളുടെ നോട്ടം അവനില്‍ വയ്ക്കുക.” അങ്ങനെ ചെയ്യുമ്പോള്‍, നാം തടസ്സങ്ങള്‍ കാണുകയില്ല. നമ്മുടെ വഴി തെളിയിച്ചു തരുന്ന ദൈവത്തെ നാം കാണും.
ദൈവത്തിനുപകരം നിങ്ങള്‍ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ശ്രദ്ധ കേന്ദ്രീകരിച്ച വിശ്വാസത്തോടെ, നിങ്ങളുടെ ജീവിതത്തിനായി നിങ്ങള്‍ക്ക് എന്താണ് അവനില്‍ കാണാന്‍ കഴിയുന്നത്?
സ്വര്‍ഗ്ഗീയ പിതാവേ, എന്റെ കണ്ണുകള്‍ അങ്ങയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍, അങ്ങയുടെ പരിധിയില്ലാത്ത ശക്തിയിലേക്ക് എന്റെ നോട്ടം കേന്ദ്രീകരിക്കണമേ.