”അത്രയേ വേണ്ടൂ!” മാഗി പറഞ്ഞു. അവള് പൂച്ചെടിയില്‍നിന്ന് ഒരു തണ്ടു മുറിച്ചെടുത്തു, മുറിച്ച കഷണം അവള് തേനില്‍ മുക്കി കമ്പോസ്റ്റു നിറച്ച് ഒരു ചട്ടിയില്‍ നട്ടു. ഈ പുഷ്പങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാമെന്ന് – ആരോഗ്യകരമായ ഒരു ചെടിയെ പല സസ്യങ്ങളാക്കി മാറ്റുന്നതെങ്ങനെ എന്ന് – മാഗി എന്നെ പഠിപ്പിക്കുകയായിരുന്നു. അങ്ങനെയായാല്‍ മറ്റുള്ളവരുമായി പങ്കിടാന്‍ എനിക്ക് ധാരാളം പൂക്കള്‍ ലഭിക്കും. ചെടിക്കു പെട്ടെന്നു വേരുപിടിക്കാന്‍ തേന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
അവള് ജോലി ചെയ്യുന്നതു കണ്ടപ്പോള്‍, ആത്മീയ വേരുകള്‍ പിടിക്കാന്‍ നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ചിന്തിച്ചു. വിശ്വാസത്തില്‍ ശക്തരും വികസിക്കുന്നവരുമായി പക്വത പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്നതെന്താണ്? വാടിപ്പോകുന്നതില്‍ നിന്നും വളര്‍ച്ച മുരടിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതെന്താണ്? നാം ”സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി” ഇരിക്കുന്നുവെന്ന് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലൊസ് പറയുന്നു (എഫെസ്യര്‍ 3:17). പരിശുദ്ധാത്മാവിനെ നല്കി നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ നിന്നാണ് ഈ സ്നേഹം വരുന്നത്. ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു. ”ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും” എന്തെന്നു ഗ്രഹിക്കാന്‍ നാം ആരംഭിക്കുമ്പോള്‍ (വാ. 18), നാം ”ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും” (വാ. 19) ദൈവ സാന്നിധ്യത്തിന്റെ സമൃദ്ധമായ അനുഭവം നമുക്കു ലഭിക്കുകയും ചെയ്യും.
ആത്മീയമായി വളരുന്നതിന് ദൈവസ്നേഹത്തിലേക്ക് വേരൂന്നേണ്ടത് ആവശ്യമാണ്. അതായത് ‘നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍” (വാ. 20) കഴിവുള്ള ദൈവത്തിനു നാം പ്രിയപ്പെട്ടവരാണെന്ന സത്യത്തെക്കുറിച്ച് ധ്യാനിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ വിശ്വാസത്തിന്റെ എത്ര അതിശയകരമായ അടിസ്ഥാനമാണത്!
ദൈവസ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്ന ഒരു ശീലം നിങ്ങള്‍ക്ക് എങ്ങനെ വളര്‍ത്തിയെടുക്കാന്‍ കഴിയും? ദൈവസ്നേഹത്തിന്റെ സത്യം ഇന്നു നിങ്ങള്‍ക്ക് ആരുമായി പങ്കിടാന്‍ കഴിയും?
ദൈവമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിന് നന്ദി. ആ സ്നേഹത്തിന്റെ സത്യത്തെക്കുറിച്ച് ധ്യാനിക്കാന്‍ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിനും ആവശ്യത്തിലിരിക്കുന്ന ലോകത്തിനും സൗന്ദര്യം നല്‍കിക്കൊണ്ട് അങ്ങയുടെ ആ സ്നേഹം എന്റെ ഹൃദയത്തില്‍ വളരട്ടെ.