കുറച്ച് മാസങ്ങളായി, വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു യുവാവുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു അവസരത്തില്‍ അദ്ദേഹം എഴുതി, ”നമ്മള് കേവലം ചരിത്രത്തിന്റെ സമയരേഖയിലെ കൊച്ചു കൊച്ചു പൊട്ടുകള്‍ അല്ലാതൊന്നുമല്ല. നമുക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?’
യിസ്രായേലിന്റെ പ്രവാചകനായിരുന്ന മോശെ അതു സമ്മതിക്കും: ”ഞങ്ങളുടെ ആയുഷ്കാലം … അതു വേഗം തീരുകയും ഞങ്ങള്‍ പറന്നുപോകുകയും ചെയ്യുന്നു’ (സങ്കീര്‍ത്തനം 90:10). ജീവിതത്തിന്റെ ക്ഷണികത നമ്മെ വിഷമിപ്പിക്കുകയും നമുക്ക് പ്രാധാന്യമുണ്ടോ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
നമുക്കു പ്രാധാന്യമുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവത്താല്‍ നാം ആഴമായി, നിത്യമായി സ്നേഹിക്കപ്പെടുന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. ഈ സങ്കീര്‍ത്തനത്തില്‍ മോശെ പ്രാര്‍ത്ഥിക്കുന്നു, ”ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കണമേ’ (വാക്യം 14). നാം പ്രാധാന്യമുള്ളവരാണ് കാരണം നാം ദൈവത്തിനു പ്രാധാന്യമുള്ളവരാണ്.
നമുക്കു ദൈവസ്നേഹം മറ്റുള്ളവരോട് കാണിക്കാന്‍ കഴിയുമെന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമാണെങ്കിലും, ദൈവസ്നേഹത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകാന്‍ നമുക്കു കഴിയുമെങ്കില്‍ അവ അര്‍ത്ഥശൂന്യമല്ല. പണം സമ്പാദിക്കാനും മികച്ച നിലയില്‍ വിരമിക്കല്‍ ജീവിതം നയിക്കാനുമല്ല നാം ഇവിടെ ഭൂമിയില്‍ ആയിരിക്കുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് ദൈവസ്നേഹം കാണിച്ചുകൊടുത്തുകൊണ്ട് ‘ദൈവത്തെ വെളിപ്പെടുത്തുവാന്‍’ ആണ്.
ഒടുവിലായി, ഈ ഭൂമിയിലെ ജീവിതം ക്ഷണികമാണെങ്കിലും, ഞങ്ങള്‍ നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാം എന്നേക്കും ജീവിക്കും. ദൈവം ”കാലത്തു തന്നേ (തന്റെ) ദയകൊണ്ടു നമ്മെ തൃപ്തരാക്കും” എന്ന് ഉറപ്പുനല്കിയപ്പോള് മോശെ ഉദ്ദേശിച്ചത് അതാണ്. ആ ”പ്രഭാതത്തില്‍” നാം ജീവിക്കുവാനും സ്നേഹിക്കുവാനും എന്നെന്നേക്കുമായി സ്നേഹിക്കപ്പെടാനുമായി ഉയിര്ത്തെഴുന്നേല്ക്കും. അത് അര്‍ത്ഥവത്തായി തോന്നുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് അര്‍ത്ഥമുള്ളതെന്ന് എനിക്കറിയില്ല.
നിങ്ങളുടെ ജീവിതം അര്‍ത്ഥവത്താണോ എന്ന് നിങ്ങള്‍ എപ്പോഴാണ് ആശ്ചര്യപ്പെട്ടിട്ടുള്ളത്? ആ വിഷയത്തില്‍ സങ്കീര്‍ത്തനം 90 എങ്ങനെയാണ് സഹായിക്കുക?
സ്നേഹവാനായ ദൈവമേ, ഞാന്‍ അങ്ങേയ്ക്കു പ്രാധാന്യമുള്ളവനാകയാല് ഞാന്‍ നന്ദിയുള്ളവനാണ്. അങ്ങയെ മറ്റുള്ളവരുമായി പങ്കിടാന്‍ എന്നെ സഹായിക്കണമേ.