ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫ്രെഡി ബ്ലോം എന്ന ഒരു മനുഷ്യന് 2018-ല്‍ 114 വയസ്സു തികഞ്ഞു. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായമുള്ള മനുഷ്യനാണദ്ദേഹം. 1904 ല്‍ ജനിച്ച അദ്ദേഹം, രണ്ടു ലോക മഹായുദ്ധങ്ങള്‍, വര്‍ണ്ണവിവേചനം, മഹാ സാമ്പത്തിക മാന്ദ്യം എന്നിവയെയെല്ലാം അതിജീവിച്ചു. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍വലിഞ്ഞു. നമ്മില്‍ പലരേയും പോലെ, ആരോഗ്യദായക ഭക്ഷണങ്ങളും ജീവിതചര്യകളും അദ്ദേഹം എല്ലായ്പ്പോഴും തിരഞ്ഞെടുത്തിട്ടില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആരോഗ്യത്തിന് ഒരു കാരണം അദ്ദേഹം പറയുന്നു: ”ഒരേയൊരു കാര്യം മാത്രമേയുള്ളൂ, അത് [ദൈവം] ആണ്. അവനാണ് സര്വ്വശക്തന്. . . അവന് എന്നെ പിടിച്ചിരിക്കുന്നു.’
ശത്രുക്കളുടെ കഠിനമായ അടിച്ചമര്‍ത്തലിനു കീഴില്‍ രാഷ്ട്രം ഞെരുങ്ങിയപ്പോള്‍ ദൈവം യിസ്രായേലിനോട് സംസാരിച്ചതിന് സമാനമായ വാക്കുകളാണ് ഈ മനുഷ്യന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. ”ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും” എന്ന് ദൈവം വാഗ്ദാനം ചെയ്തു. ”എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിങ്ങളെ താങ്ങും” (യെശയ്യാവ് 41:10). അവരുടെ അവസ്ഥ എത്ര നിരാശാജനകമാണെങ്കിലും, അവര്‍ക്ക് ആശ്വാസം ലഭിക്കുക അസാധ്യമാണെങ്കിലും, ദൈവം തന്റെ ജനത്തെ തന്റെ ആര്‍ദ്രമായ കരുതലില്‍ സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. ”ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്,” അവന് ഉറപ്പുനല്‍കി. ”ഭ്രമിച്ചുനോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു” (വാ. 10).
നമുക്ക് എത്ര വര്‍ഷം നല്കപ്പെട്ടാലും, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നമ്മുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും. തകര്‍ന്ന ദാമ്പത്യം. കുടുംബത്തെ ഉപേക്ഷിച്ചുപോയ ഒരു കുട്ടി. ഡോക്ടറില്‍ നിന്നു കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന വാര്‍ത്ത. ചിലപ്പോള്‍ പീഡനം പോലും. എന്നിരുന്നാലും, നമ്മുടെ ദൈവം നമ്മുടെ അടുത്തെത്തുകയും നമ്മെ മുറുകെ പിടിക്കുകയും ചെയ്യുന്നു. അവന് നമ്മെ ശേഖരിക്കുകയും തന്റെ ശക്തവും ആര്‍ദ്രവുമായ കൈയില്‍ പിടിക്കുകയും ചെയ്യുന്നു.
എപ്പോഴാണ് നിങ്ങള്‍ക്ക് ഒറ്റപ്പെടല്‍ അല്ലെങ്കില്‍ സംരക്ഷണം ഇല്ലായ്മ അനുഭവപ്പെട്ടത്? നിങ്ങളുടെ ജീവിതം ദൈവത്തിന്റെ കരുത്തുറ്റ കൈയിലാണെന്ന് അറിയാന്‍ ഇത് നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?
ദൈവമേ, അങ്ങ് എന്നെ പിടിച്ചിരിക്കുകയാണെന്ന് ഉറപ്പുനല്‍കുക, കാരണം ഞാന്‍ ഒരു ചരടില്‍ മാത്രം തൂങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നുന്നു. അങ്ങ് എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.