ഞാന്‍ ഒരു പുതിയ രാജ്യത്തേക്ക് മാറിയപ്പോള്‍, എന്റെ ആദ്യ അനുഭവങ്ങളിലൊന്ന് ഞാനവിടെ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്നെനിക്കു തോന്നിയ സന്ദര്‍ഭമായിരുന്നു. അന്ന് എന്റെ ഭര്‍ത്താവ് പ്രസംഗിച്ചുകൊണ്ടിരുന്ന ചെറിയ സഭയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയപ്പോള്‍ ”താഴേക്ക് നീങ്ങുക” എന്ന് ഒരു വൃദ്ധനായ മാന്യന്‍ എന്നോടു പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. അവര്‍ സ്ഥിരമായി ഇരിക്കുന്ന ഇരിപ്പിടത്തിലാണ് ഞാന്‍ ഇരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ ക്ഷമാപണം നടത്തിക്കൊണ്ടു വിശദീകരിച്ചു. സഭകള്‍ പണം സ്വരൂപിക്കുന്നതിനായും ഒരാളുടെ ഇരിപ്പിടം മറ്റാരും കയ്യേറുന്നില്ലെന്നു ഉറപ്പാക്കുന്നതിനുമായി സഭകള്‍ ഇരിപ്പിടം വാടകയ്ക്കു കൊടുക്കുന്നു എന്നു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി. അത്തരം മനോഭാവങ്ങളില്‍ ചിലത് പതിറ്റാണ്ടുകളായി തുടരുന്നു എന്നു വ്യക്തമായിരുന്നു.

ഞാന്‍ നേരിട്ടതുപോലുള്ള സാംസ്‌കാരിക രീതികള്‍ക്ക് വിരുദ്ധമായി വിദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചതെങ്ങനെയെന്ന് പിന്നീട് ഞാന്‍ ചിന്തിച്ചു. തന്റെ ജനത്തിനു അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പരദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം അവരെ ഓര്‍മ്മിപ്പിച്ചു, കാരണം അവരും ഒരു കാലത്ത് പരദേശികളായിരുന്നു (ലേവ്യാപുസ്തകം 19:34). അപരിചിതരോട് അവര്‍ ദയയോടെ പെരുമാറുക മാത്രമല്ല (വാ. 33), ”തങ്ങളെപ്പോലെ തന്നെ സ്‌നേഹിക്കുകയും വേണം” (വാ. 34). ദൈവം അവരെ ഈജിപ്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി, ”പാലും തേനും ഒഴുകുന്ന” ദേശത്ത് അവര്‍ക്ക് ഒരു ഭവനം നല്‍കി (പുറപ്പാട് 3:17). ആ ദേശത്തു പാര്‍ക്കുന്ന മറ്റുള്ളവരെ തന്റെ ആളുകള്‍ സ്‌നേഹിക്കണമെന്ന് അവന്‍ പ്രതീക്ഷിച്ചു.

നിങ്ങളുടെ ഇടയില്‍ അപരിചിതരെ കണ്ടുമുട്ടുമ്പോള്‍, ദൈവസ്‌നേഹം അവരുമായി പങ്കിടുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ഏതെങ്കിലും സാംസ്‌കാരിക രീതികള്‍ വെളിപ്പെടുത്താന്‍ ദൈവത്തോട് ആവശ്യപ്പെടുക.