എതിര് ടീമിലെ ഒരംഗം വായുവിലേക്ക് ഒരു പന്ത് അടിച്ചുവിട്ടപ്പോള്‍ എന്റെ ഭര്‍ത്താവ് അലന് ക്രിക്കറ്റ് മൈതാനത്തെ പ്രകാശിപ്പിക്കുന്ന ഉയര്‍ന്ന ലൈറ്റുകള്‍ക്ക് താഴെയായി നില്‍ക്കുകയായിരുന്നു. പന്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുകൊണ്ട് അലന് ഫീല്‍ഡിന്റെ ഇരുണ്ട കോണിലേക്ക് പൂര്‍ണ്ണ വേഗതയില്‍ ഓടി – വേലിയില്‍ ചെന്നിടിച്ചു.
അന്നു രാത്രി ഞാന്‍ അദ്ദേഹത്തിന് ഒരു ഐസ് പായ്ക്ക് കൈമാറി. ”താങ്കള്‍ക്ക് കുഴപ്പമില്ലല്ലോ?” ഞാന്‍ ചോദിച്ചു. അദ്ദേഹം തോളില്‍ തടവി. ”ഞാന്‍ വേലിക്ക് സമീപത്തേക്കു നീങ്ങുകയാണെന്ന് എന്റെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്കിയിരുന്നെങ്കില് എനിക്ക് സുഖം തോന്നുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ടീമുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. വേലിക്കടുത്തെത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും മുന്നറിയിപ്പ് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ അലന്റെ പരിക്ക് ഒഴിവാക്കാമായിരുന്നു.
സഭയിലെ അംഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒരു ടീം പോലെ പരസ്പരം ശ്രദ്ധിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് തിരുവെഴുത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം പരസ്പരം എങ്ങനെ ഇടപെടുന്നുവെന്നത് ദൈവത്തിനു വിഷയമാണെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു, കാരണം ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴു വിശ്വാസ സമൂഹത്തെയും സ്വാധീനിക്കും (കൊലൊസ്യര്‍ 3:13-14). ഐക്യത്തിനും സമാധാനത്തിനും വേണ്ടി പൂര്‍ണ്ണമായും അര്‍പ്പണബോധത്തോടെ പരസ്പരം സേവിക്കാനുള്ള അവസരങ്ങള്‍ നാമെല്ലാവരും സ്വീകരിക്കുമ്പോള്‍, സഭ തഴച്ചുവളരുന്നു (വാ. 15).
‘സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടി നിങ്ങളില്‍ വസിക്കട്ടെ” (വാ. 16). സ്നേഹപൂര്‍വവും സത്യസന്ധവുമായ ബന്ധങ്ങളിലൂടെ, നന്ദിയുള്ള ഹൃദയങ്ങളോടെ ദൈവത്തെ അനുസരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് പരസ്പരം പ്രചോദനം നല്‍കാനും സംരക്ഷിക്കാനും കഴിയും.
ക്രിസ്തുവിന്റെ ശരീരത്തില്‍ ഐക്യവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഈ ആഴ്ച മറ്റുള്ളവരുമായി എങ്ങനെ തിരുവെഴുത്ത് പങ്കിടാനാകും? 'ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി നിങ്ങളില്‍ വസിക്കട്ടെ'' എന്നതിന്റെ അര്‍ത്ഥമെന്താണ്?
പിതാവായ ദൈവമേ, എന്നെ ഉപദേശിക്കാന്‍ തിരുവെഴുത്തിനെയും എന്നെ നയിക്കാനായി അങ്ങയുടെ ആത്മാവിനെയും, ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു അംഗമെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉത്തരവാദിത്തബോധം നിലനിര്‍ത്താനും എന്നെ സഹായിക്കാനായി അങ്ങയുടെ ജനത്തെയും ഉപയോഗിക്കുന്നതിനു നന്ദി.