കുടുംബ ഐതിഹ്യമനുസരിച്ച്, ബില്ലി, മെല്‍വിന്‍ എന്നീ രണ്ട് സഹോദരന്മാര്‍ ഒരു ദിവസം കുടുംബത്തിന്റെ ഡയറി ഫാമില്‍ നില്‍ക്കുമ്പോള്‍ ഒരു വിമാനം ആകാശത്തില്‍ എഴുതുന്നത് കണ്ടു. വിമാനം ”GP” എന്നീ അക്ഷരങ്ങള്‍ എഴുതുന്നത് ആണ്‍കുട്ടികള്‍ നിരീക്ഷിച്ചു.

തങ്ങള്‍ കണ്ടത് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്താണെന്ന് രണ്ട് സഹോദരന്മാരും തീരുമാനിച്ചു. ”Go Preach – പോയി പ്രസംഗിക്കുക” എന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് ഒരാള്‍ കരുതി. മറ്റൊരാള്‍ ഇത് ”Go plow – പോയി ഉഴുക” എന്ന് വായിച്ചു. പില്‍ക്കാലത്ത് ആണ്‍കുട്ടികളിലൊരാളായ ബില്ലി ഗ്രഹാം സുവിശേഷം പ്രസംഗിക്കാന്‍ സ്വയം സമര്‍പ്പിക്കുകയും സുവിശേഷീകരണത്തിന്റെ പ്രതിരൂപമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരന്‍ മെല്‍വിന്‍ വര്‍ഷങ്ങളോളം വിശ്വസ്തതയോടെ കുടുംബ ഡയറി ഫാം നടത്തി.

സ്‌കൈ റൈറ്റിംഗ് അടയാളങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ദൈവം ബില്ലിയെ പ്രസംഗിക്കാന്‍ വിളിക്കുകയും മെല്‍വിനെ ഉഴാന്‍ വിളിക്കുകയും ചെയ്തതിനാല്‍, അവര്‍ രണ്ടുപേരും തങ്ങളുടെ തൊഴിലുകളിലൂടെ ദൈവത്തെ ബഹുമാനിച്ചു. ബില്ലിക്ക് ഒരു നീണ്ട പ്രസംഗജീവിതം ഉള്ളപ്പോള്‍ തന്നേ, അദ്ദേഹത്തിന്റെ വിജയത്തിന്റെ അര്‍ത്ഥം, ഉഴാനുള്ള ആഹ്വാനത്തോടുള്ള സഹോദരന്റെ അനുസരണത്തിന് പ്രാധാന്യം കുറവാണ് എന്നല്ല.

മുഴുസമയ ശുശ്രൂഷ എന്ന് നാം വിളിക്കുന്ന കാര്യങ്ങളില്‍ ദൈവം ചിലരെ നിയോഗിക്കുന്നുണ്ടെങ്കിലും (എഫെസ്യര്‍ 4:11-12), അതിനര്‍ത്ഥം മറ്റ് ജോലികളിലും ഉത്തരവാദിത്വങ്ങളിലുമുള്ളവര്‍ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നില്ല എന്നല്ല. രണ്ടായാലും, പൗലൊസ് പറഞ്ഞതുപോലെ, ”ഓരോ ഭാഗവും അതിന്റെ വേല ചെയ്യണം” (വാ. 16). അതിനര്‍ത്ഥം യേശു നമുക്കു നല്‍കിയ വരങ്ങളെ വിശ്വസ്തതയോടെ ഉപയോഗിച്ചുകൊണ്ട് അവനെ ബഹുമാനിക്കുക എന്നാണ്. അങ്ങനെയാകുമ്പോള്‍, നാം ”പ്രസംഗിക്കുകയോ” അല്ലെങ്കില്‍ ”ഉഴുകയോ” ചെയ്താലും നാം ശുശ്രൂഷിക്കുന്നിടത്ത് അല്ലെങ്കില്‍ ജോലി ചെയ്യുന്നിടത്ത് യേശുവിനായി ഒരു മാറ്റമുണ്ടാക്കാന്‍ നമുക്കു കഴിയും.