മൊബൈല്‍ ഫോണുകള്‍, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൈക്രോവേവ് ഓവനുകള്‍ എന്നിവ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കുക. അക്കാരണത്താലാണ് അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലെ ചെറിയ പട്ടണമായ ഗ്രീന്‍ ബാങ്ക് ‘അമേരിക്കയിലെ ഏറ്റവും നിശബ്ദമായ പട്ടണം” എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് നിലകൊള്ളുന്ന ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയുടെ ആസ്ഥാനം കൂടിയാണിത്. ബഹിരാകാശത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള തുടിപ്പുകളും താരാപഥങ്ങളുടെ ചലനങ്ങളും വഴി സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളെ ”കേള്‍ക്കാന്‍” ദൂരദര്‍ശിനിക്ക് ”നിശബ്ദത” ആവശ്യമാണ്. ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിയ ഉപരിതല വിസ്തീര്‍ണ്ണമുള്ള ഇത് 13,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള നാഷണല്‍ റേഡിയോ ക്വയറ്റ് സോണിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ദൂരദര്‍ശിനിയുടെ അത്യന്തം ഉന്നതമായ സംവേദനക്ഷമതയെ തകര്‍ക്കാതിരിക്കുന്നതിനാണ് ഇത്രയും വിശാലമായ നിശബ്ദ മേഖല സൃഷ്ടിച്ചിരിക്കുന്നത്.

മനഃപൂര്‍വമായ ഈ നിശബ്ദത ശാസ്ത്രജ്ഞരെ ”ഗോളങ്ങളുടെ സംഗീതം” കേള്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ ശ്രദ്ധിക്കാന്‍ വേണ്ടത്ര നിശബ്ദമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്‍ മുഖാന്തരം വഴിപിഴച്ചതും അശ്രദ്ധമായതുമായ ഒരു ജനതയോട് ദൈവം ആശയവിനിമയം നടത്തി, ”നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍’ (യെശയ്യാവ് 55:3). തന്നെ അന്വേഷിക്കുകയും പാപമോചനത്തിനായി തങ്കലേക്ക് തിരിയുകയും ചെയ്യുന്ന എല്ലാവരോടും ദൈവം തന്റെ വിശ്വസ്ത സ്‌നേഹം വാഗ്ദാനം ചെയ്യുന്നു.

തിരുവെഴുത്തിലും പ്രാര്‍ത്ഥനയിലും ദൈവത്തെ കണ്ടുമുട്ടുന്നതിനായി നമ്മുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ നാം മനഃപൂര്‍വ്വം ദൈവത്തെ ശ്രദ്ധിക്കുന്നു. ദൈവം അകലെയല്ല. നാം അവനുവേണ്ടി സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിലും പിന്നീട് നിത്യതയിലും അവന്‍ നമ്മുടെ മുന്‍ഗണനയായിത്തീരും.