സ്തുതിഗീതം താഴത്തെ നിലയിലേക്ക് ഒഴുകിയിറങ്ങി. . . ഒരു ശനിയാഴ്ച രാവിലെ 6:33 ന്. മറ്റാരും ഉണര്‍ന്നിരിക്കുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷേ എന്റെ ഇളയ മകളുടെ ശബ്ദം എന്റെ അനുമാനം തെറ്റാണെന്ന് തെളിയിച്ചു. അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല, പക്ഷേ അവളുടെ ചുണ്ടുകളില്‍ ഇതിനകം ഒരു പാട്ട് ഉണ്ടായിരുന്നു.

എന്റെ ഇളയവള്‍ ഒരു ഗായികയാണ്. വാസ്തവത്തില്‍, അവള്‍ക്ക് പാടാതിരിക്കാന്‍ കഴിയില്ല. അവള്‍ ഉണരുമ്പോള്‍ പാടുന്നു. അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍, അവള്‍ ഉറങ്ങാന്‍ പോകുമ്പോള്‍, എല്ലാം പാടുന്നു. ഹൃദയത്തില്‍ ഒരു പാട്ടോടെയാണ് അവള്‍ ജനിച്ചത് – മിക്കപ്പോഴും, അവളുടെ ഗാനങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നു. അവള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ദൈവത്തെ സ്തുതിക്കും.

എന്റെ മകളുടെ ശബ്ദത്തിന്റെ ലാളിത്യവും ഭക്തിയും ആത്മാര്‍ത്ഥതയും ഞാന്‍ ഇഷ്ടപ്പെടുന്നു. അവളുടെ സ്വതസിദ്ധവും സന്തോഷകരവുമായ ഗാനങ്ങള്‍ തിരുവെഴുത്തിലുടനീളം കണ്ടെത്തിയ, ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. 95-ാം സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു, ”വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചു ഘോഷിക്കുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക’ (വാ. 1). കൂടുതല്‍ വായിച്ചാല്‍ അവന്‍ ആരാണ് എന്നതില്‍ നിന്നും (‘യഹോവ മഹാദൈവമല്ലോ; അവന്‍ സകല ദേവന്മാര്‍ക്കും മീതേ മഹാരാജാവു തന്നേ,’ വാ. 3) നാം ആരാണ് എന്നതില്‍ നിന്നും (‘നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ,”വാ. 7) ആണ് ഈ ആരാധന പുറപ്പെടുന്നത് എന്നു മനസ്സിലാകും.

എന്റെ മകളെ സംബന്ധിച്ചിടത്തോളം, ആ സത്യങ്ങളാണ് പ്രഭാതത്തിലെ അവളുടെ ആദ്യ ചിന്ത. ദൈവകൃപയാല്‍, ഈ കൊച്ചു ആരാധക, അവനു പാടുന്നതിന്റെ സന്തോഷത്തിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ ഞങ്ങള്‍ക്കു നല്‍കുന്നു.