നെതര്‍ലാന്‍ഡില്‍, ഒരു കൂട്ടം ഫാഷന്‍ ഡിസൈനര്‍മാര്‍ ”ഗോള്‍ഡന്‍ ജോയ്നറി” വര്‍ക്ക്ഷോപ്പ് വാഗ്ദാനം ചെയ്യുന്നു. തകര്‍ന്ന പോര്‍സലൈന്‍ സ്വര്‍ണ്ണം ഉപയോഗിച്ച് നന്നാക്കുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയായ കിന്റ്‌സുഗിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പങ്കെടുക്കുന്നവര്‍ വസ്ത്രങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹകരിക്കുന്നു. അതില്‍ കീറല്‍ മറയ്ക്കുന്നതിനു പകരം അതു കാണത്തക്കവണ്ണമാണ് ശരിയാക്കുന്നത്. ക്ഷണിക്കപ്പെട്ടവരോട് ”പ്രിയപ്പെട്ടതും എന്നാല്‍ കീറിയതുമായ വസ്ത്രം കൊണ്ടുവന്ന് സ്വര്‍ണ്ണം ഉപയോഗിച്ചു ശരിയാക്കുവാന്‍” ആവശ്യപ്പെടുന്നു. അവര്‍ വസ്ത്രങ്ങള്‍ റീമേക്ക് ചെയ്യുമ്പോള്‍, അറ്റകുറ്റപ്പണി അലങ്കാരമായി മാറുന്നു, ഒരു ”സ്വര്‍ണ്ണ മുറിപ്പാട്.”

വസ്ത്രങ്ങള്‍ കീറിപ്പോയതോ പൊടിഞ്ഞതോ ആയ സ്ഥലങ്ങള്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് രൂപാന്തരപ്പെടുത്തുന്നത്. ഒരുപക്ഷേ, തന്റെ ബലഹീനത വെളിപ്പെടുത്തുന്ന കാര്യങ്ങളില്‍ താന്‍ പ്രശംസിക്കുമെന്നു പൗലൊസ് പറഞ്ഞതുപോലെയായിരിക്കാം ഇത്. ”അതിമഹത്തായ വെളിപ്പാടുകള്‍” അവന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അവന്‍ അവയെക്കുറിച്ച് പ്രശംസിക്കുന്നില്ല (2 കൊരിന്ത്യര്‍ 12:6). തന്റെ ‘ജഡത്തിലെ ശൂലം’ അഹങ്കാരവും അമിത ആത്മവിശ്വാസവും ഉണ്ടാകുന്നതില്‍ നിന്ന് തന്നെ തടയുന്നതായി അവന്‍ പറയുന്നു (വാ. 7). അവന്‍ എന്താണ് സൂചിപ്പിച്ചതെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല – ഒരുപക്ഷേ വിഷാദരോഗം, ഒരുതരം മലേറിയ, ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം. എന്തായാലും അത് എടുത്തുകളയാന്‍ അവന്‍ ദൈവത്തോട് അപേക്ഷിച്ചു. എന്നാല്‍ ദൈവം പറഞ്ഞു, ”എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു” (വാ. 9).

ഡിസൈനര്‍മാര്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ പഴയ വസ്ത്രങ്ങളിലെ കീറലുകളും വടുക്കളും സൗന്ദര്യ കാഴ്ചകളായിത്തീരുന്നതുപോലെ, നമ്മുടെ ജീവിതത്തിലെ തകര്‍ന്നതും ദുര്‍ബലവുമായ സ്ഥലങ്ങള്‍ ദൈവത്തിന്റെ ശക്തിയും മഹത്വവും പ്രകാശിക്കുന്ന സ്ഥലങ്ങളായി മാറ്റും. അവന്‍ നമ്മെ ഒരുമിച്ചു നിര്‍ത്തുന്നു, രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ബലഹീനതകളെ മനോഹരമാക്കുന്നു.