ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടന്‍ ടൈംസ് വായനക്കാരോട് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതായി പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു കഥയുണ്ട്. ലോകത്തിന് എന്താണ് കുഴപ്പം?

അത് ഒരു ഒന്നാന്തരം ചോദ്യമാണ്, അല്ലേ? ഒരാള്‍ പെട്ടെന്ന് പ്രതികരിച്ചേക്കാം, ”ശരി, എനിക്ക് നിങ്ങളോട് ഉത്തരം പറയാന്‍ എത്ര സമയമുണ്ട്?” അത് ശരിയാണ്, കാരണം നമ്മുടെ ലോകത്ത് വളരെയധികം കുഴപ്പങ്ങളുണ്ടെന്ന് തോന്നുന്നു. കഥ പറയുന്നതനുസരിച്ച്, ടൈംസിന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, പക്ഷേ ഹ്രസ്വമെങ്കിലും മിഴിവുറ്റ ഒരു ഉത്തരം വേറിട്ടു നിന്നു. ഇംഗ്ലീഷ് എഴുത്തുകാരനും കവിയും തത്ത്വചിന്തകനുമായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ നാല് വാക്കുകളിലൂടെ തന്റെ പ്രതികരണം എഴുതി, ”പ്രിയപ്പെട്ട സാറന്മാരേ, ഞാന്‍ ആകുന്നു.”

കഥ വസ്തുതാപരമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. എന്നാല്‍ ആ പ്രതികരണം? ഇത് സത്യമല്ലാതെ മറ്റൊന്നുമല്ല. ചെസ്റ്റര്‍ട്ടണ്‍ വരുന്നതിനു വളരെ മുമ്പുതന്നെ പൗലൊസ് എന്ന ഒരു അപ്പൊസ്തലന്‍ ഉണ്ടായിരുന്നു. ആജീവനാന്ത മാതൃകാ പൗരനില്‍ നിന്ന് വ്യത്യസ്തമായി, പൗലൊസ് തന്റെ മുന്‍കാല പോരായ്മകള്‍ ഏറ്റുപറഞ്ഞു: ”മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു” (വാ. 13). യേശു ആരെയാണ് രക്ഷിക്കാന്‍ വന്നതെന്ന് (”പാപികള്‍”) പറഞ്ഞശേഷം അവന്‍ പ്രഖ്യാപിക്കുന്നു: ”ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍” (വാ. 15). ലോകത്തിന് എന്താണു കുഴപ്പം എന്നു പൗലൊസിന് കൃത്യമായി അറിയാമായിരുന്നു. കാര്യങ്ങള്‍ നേരെയാക്കുന്നതിനുള്ള ഏക പ്രത്യാശയെക്കുറിച്ചും അവനറിയാമായിരുന്നു – ‘നമ്മുടെ കര്‍ത്താവിന്റെ കൃപ’ (വാ. 14).എന്തൊരു അത്ഭുതകരമായ യാഥാര്‍ത്ഥ്യം! നിലനില്‍ക്കുന്ന ഈ സത്യം ക്രിസ്തുവിന്റെ രക്ഷിക്കുന്ന സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നു.