സഭയുടെ അടുത്തുള്ള താഴ്ന്ന വരുമാനക്കാര്‍ പാര്‍ക്കുന്ന ഒരു പ്രദേശത്തുകൂടെ കാറോടിച്ചുകൊണ്ടിരുന്ന ഒരു പാസ്റ്റര്‍ തന്റെ ”അയല്‍ക്കാര്‍”ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം തെരുവില്‍ ഒരാള്‍ കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കാര്യം അന്വേഷിക്കുന്നതിനും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി പാസ്റ്റര്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് അയാള്‍ ചില ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഈ മനുഷ്യന്‍ പാസ്റ്ററോട് ഭക്ഷണത്തിനായി കുറച്ച് രൂപ ആവശ്യപ്പെട്ടു, ഇത് ഭവനരഹിതരുടെ ഇടയില്‍ ഒരു ഔട്ട്റീച്ച് പ്രോഗ്രാമിന് തുടക്കമിട്ടു. സഭ സ്‌പോണ്‍സര്‍ ചെയ്യുകയും, അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്ത് ദിവസം രണ്ടു നേരം തങ്ങള്‍ക്കു ചുറ്റുമുള്ള വീടുകളിലെ ഭക്ഷണമില്ലാത്തവര്‍ക്കു നല്‍കുകയും ചെയ്തു തുടങ്ങി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ജോലി നല്‍കി സഹായിക്കാനുമായി അവര്‍ കാലാകാലങ്ങളിലായി അവരെ സഭയിലേക്ക് കൊണ്ടുവന്നു.

ഭവനരഹിതരെ സഹായിക്കാനായി അയല്‍പക്കം കേന്ദ്രീകരിച്ചുള്ള ആ സഭയുടെ പ്രവര്‍ത്തനം കര്‍ത്താവിന്റെ മഹാനിയോഗത്തെ പ്രതിഫലിപ്പിക്കുന്നു. അവിടുന്ന് പറഞ്ഞതുപോലെ, ”സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാന്‍ തക്കവണ്ണം ഉപദേശിച്ചു കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍’ (മത്തായി 28:18-19).

അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം ഭവനരഹിതര്‍ ഉള്‍പ്പെടെ ‘എല്ലായിടത്തും’ എത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. തീര്‍ച്ചയായും, നാം ഒറ്റക്ക് പോകുന്നില്ല. യേശു വാഗ്ദാനം ചെയ്തതുപോലെ, ”ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്്്” (വാ. 20).

വീടില്ലാത്ത ഒരാളോടൊപ്പം തെരുവില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഈ പാസ്റ്റര്‍ ആ സത്യം അനുഭവിച്ചത്. പാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ‘ഞങ്ങള്‍ ഞങ്ങളുടെ ഹൃദയം തുറന്നു, സഭയിലെ എല്ലാ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്നു.’ ഈ ജനത്തിന്റെ മേല്‍ തങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും പവിത്രമായ നിമിഷങ്ങളിലൊന്ന് എന്ന് പാസ്റ്റര്‍ പറഞ്ഞു.

പാഠം? ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നമുക്ക് എല്ലായിടത്തും പോകാം.