ഞങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരു യാത്രയ്ക്കിടെ, ഞാനും ഭര്‍ത്താവും കടല്‍ത്തീരത്തിരുന്നു ഞങ്ങളുടെ ബൈബിള്‍ വായിച്ചു. കച്ചവടക്കാര്‍ കടന്നുവന്ന്് അവരുടെ സാധനങ്ങളുടെ വില വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞെങ്കിലും ഒന്നും വാങ്ങിയില്ല. ഒരു കച്ചവടക്കാരനായ ഫെര്‍ണാണ്ടോ, ഞാന്‍ സാധനങ്ങള്‍ നിരസിച്ചപ്പോള്‍ വിശാലമായി പുഞ്ചിരിച്ചുകൊണ്ട് സുഹൃത്തുക്കള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചപ്പോള്‍ ഫെര്‍ണാണ്ടോ സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ട് ചിരിച്ചുകൊണ്ടു തന്നേ നടക്കാന്‍ തുടങ്ങി. ”ദൈവം നിങ്ങളുടെ ദിവസത്തെ അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,” ഞാന്‍ പറഞ്ഞു.
ഫെര്‍ണാണ്ടോ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, ”അവന് അങ്ങനെ ചെയ്തിരിക്കുന്നു! യേശു എന്റെ ജീവിതം മാറ്റിമറിച്ചു.’ ഫെര്‍ണാണ്ടോ ഞങ്ങളുടെ കസേരകള്‍ക്കിടയില്‍ മുട്ടുകുത്തി. ”എനിക്ക് ഇവിടെ അവന്റെ സാന്നിധ്യം അനുഭവപ്പെടുന്നു.” പതിന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവം തന്നെ മയക്കുമരുന്ന്, മദ്യപാനം എന്നിവയില്‍ നിന്ന് വിടുവിച്ചതെങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു.
അദ്ദേഹം സങ്കീര്‍ത്തനപുസ്തകത്തിലെ കവിതകള്‍ മുഴുവന്‍ ചൊല്ലുകയും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തെ സ്തുതിക്കുകയും അവന്റെ സന്നിധിയില്‍ സന്തോഷിക്കുകയും ചെയ്തു.
148-ാം സങ്കീര്‍ത്തനം സ്തുതിയുടെ പ്രാര്‍ത്ഥനയാണ്. യഹോവയെ സ്തുതിക്കുവാന്‍ സങ്കീര്ത്തനക്കാരന് സകല സൃഷ്ടിയെയും ഉത്സാഹിപ്പിക്കുന്നു, ‘അവന് കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല് അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ’ (വാ. 5), ‘അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നത്. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു” (വാ. 13).
നമ്മുടെ ആവശ്യങ്ങള്‍ അവിടുത്തെ മുന്പില് കൊണ്ടുവരാനും അവിടുന്ന് നമ്മെ കേള്‍ക്കുകയും കരുതുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുവാനും ദൈവം നമ്മെ ക്ഷണിക്കുന്നുവെങ്കിലും, നാം എവിടെയായിരുന്നാലും – കടല്‍ത്തീരത്ത് പോലും – നന്ദിയുള്ള സ്തുതിയുടെ പ്രാര്‍ത്ഥനയിലും അവന് സന്തോഷിക്കുന്നു.
ഇന്ന് നിങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവത്തെ സ്തുതിക്കുന്നത്? മറ്റൊരാളുടെ കഥ കേട്ടതിനുശേഷം അവനെ സ്തുതിക്കാന്‍ ദൈവം നിങ്ങളെ എങ്ങനെയാണ് പ്രചോദിപ്പിച്ചത്?
ദൈവമേ, അങ്ങ് എനിക്കു തന്നിട്ടുള്ള എല്ലാ ശ്വാസത്തിലും അങ്ങയെ സ്തുതിക്കാന്‍ എന്നെ സഹായിക്കണമേ.