കാലാവസ്ഥാ സ്വാധീനം മൂലമുണ്ടാകുന്ന മാനസികാസ്വാസ്ഥ്യം (സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍-SAD) അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണ് ഞാന്‍, ദൈര്‍ഘ്യം കുറഞ്ഞ ശൈത്യകാലദിനങ്ങള്‍ മൂലം സൂര്യപ്രകാശം പരിമിതമായ സ്ഥലങ്ങളില്‍ സാധാരണ കണ്ടുവരുന്ന വിഷാദരോഗമാണിത്. ശൈത്യകാലത്തെ മരവിപ്പിന്റെ ശാപം ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ ഭയപ്പെടാന്‍ തുടങ്ങുമ്പോള്‍, ദൈര്‍ഘ്യമുള്ള ദിവസങ്ങളും കൂടിയ താപനിലയും വരുന്നു എന്നതിന്റെ തെളിവുകള്‍ക്കായി ഞാന്‍ ഉത്സാഹത്തോടെ അന്വേഷിക്കും.

വസന്തത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ – നീണ്ടുനില്‍ക്കുന്ന മഞ്ഞുവീഴ്ചയെ വിജയകരമായി അതിജീവിച്ച പൂക്കള്‍ – ദൈവത്തിന്റെ പ്രത്യാശ നമ്മുടെ ഏറ്റവും ഇരുണ്ട ഋതുക്കളെപ്പോലും തകര്‍ക്കുന്നതെങ്ങനെയെന്ന് എന്നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്ന് അകന്നുപോയപ്പോള്‍ സംഭവിച്ച ഹൃദയത്തെ തകര്‍ക്കുന്ന ”ശീതകാലം” സഹിക്കുന്ന സമയത്ത് മീഖാ പ്രവാചകന്‍ ഇത് ഏറ്റുപറഞ്ഞു. ശോചനീയമായ അവസ്ഥയെ മീഖാ വിലയിരുത്തിയപ്പോള്‍, ”നേരുള്ള ഒരാള്‍ പോലും” അവശേഷിക്കുന്നില്ലെന്ന് അവന്‍ വിലപിച്ചു (മീഖാ 7:2).

എന്നിരുന്നാലും, സാഹചര്യം മോശമായി കാണപ്പെട്ടെങ്കിലും പ്രത്യാശ കൈവിടാന്‍ പ്രവാചകന്‍ വിസമ്മതിച്ചു. നാശത്തിനിടയിലും, പ്രത്യാശയ്ക്കുള്ള തെളിവുകള്‍ ഇനിയും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ദൈവം പ്രവര്‍ത്തന നിരതനാണെന്ന് അവന്‍ വിശ്വസിച്ചു (വാ. 7).

നമ്മുടെ ഇരുണ്ടതും ചിലപ്പോള്‍ അവസാനിക്കാത്തതെന്നു തോന്നുന്നതുമായ ”ശീതകാല”ത്തില്‍, വസന്തത്തിന്റെ കടന്നുവരവിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാതെവരുമ്പോള്‍, മീഖായുടെ അതേ പോരാട്ടത്തെ നാമും അഭിമുഖീകരിക്കുന്നു. നാം നിരാശയില്‍ മുങ്ങുമോ? അതോ നാം ”ദൈവത്തിനായി കാത്തിരിക്കുമോ?’ (വാ. 7).

ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയ്ക്ക് ഒരിക്കലും ഭംഗംവരുന്നില്ല (റോമര്‍ 5:5). അവന്‍ ”ശീതകാലം” ഇല്ലാത്ത ഒരു സമയം കൊണ്ടുവരുന്നു – വിലാപമോ വേദനയോ ഇല്ലാത്ത സമയം (വെളിപ്പാട് 21:4). അതുവരെ, ”എന്റെ പ്രത്യാശ നിങ്കല്‍ വച്ചിരിക്കുന്നു” (സങ്കീര്‍ത്തനം 39:7) എന്ന് ഏറ്റുപറഞ്ഞ് നമുക്ക് അവനില്‍ വിശ്രമിക്കാം.