ഞെട്ടലോടെയാണ് വാര്‍ത്ത വന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച എന്റെ പിതാവിന് ഇപ്പോള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. എന്റെ പിതാവാണ് കഠിന രോഗിയായ എന്റെ മാതാവിനെ പൂര്‍ണ്ണ സമയവും പരിചരിച്ചിരുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇപ്പോള്‍ രണ്ടു പേര്‍ക്കും പരിചരണം ആവശ്യമായി വരുന്നതിനാല്‍, മുന്നിലുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഉറപ്പാണ്.
അവരോടൊപ്പം വീട്ടിലേക്ക് എത്തിയ ഞാന്‍, ഒരു ഞായറാഴ്ച എന്റെ മാതാപിതാക്കളുടെ സഭ സന്ദര്‍ശിച്ചു. അവിടെ, ഒരാള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുശേഷം, ആ മനുഷ്യന് ഒരു ലിസ്റ്റുമായി ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. ”കീമോതെറാപ്പി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ഭക്ഷണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. ”ഞാന്‍ ഒരു പാചകക്കാരനെ ക്രമീകരിക്കും. പുല്ലുവെട്ടുന്നതിനെക്കുറിച്ച് എന്തു പറയുന്നു? എനിക്കത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ മാലിന്യം ശേഖരിക്കുന്ന ദിവസം ഏതാണ്?’ ഈ മനുഷ്യന് വിരമിച്ച ട്രക്ക് ഡ്രൈവറായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ദൈവദൂതനെപ്പോലെയായി. അദ്ദേഹം പലപ്പോഴും മറ്റുള്ളവരെ – അവിവാഹിതരായ അമ്മമാര്‍, ഭവനരഹിതര്‍, പ്രായമായവര്‍ – സഹായിച്ചതായി ഞങ്ങള്‍ കണ്ടെത്തി.
യേശുവിലുള്ള വിശ്വാസികളെ എല്ലാവരെയും മറ്റുള്ളവരെ സഹായിക്കാനായി വിളിച്ചിരിക്കുമ്പോള്‍ തന്നേ (ലൂക്കൊസ് 10:25-37), ചിലര്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്. അപ്പൊസ്തലനായ പൗലൊസ് അതിനെ കരുണയുടെ വരം എന്നാണ് വിളിക്കുന്നത് (റോമര്‍ 12:8). ഈ വരമുള്ള ആളുകള്‍ക്ക് ആവശ്യത്തെ കണ്ടെത്താന്‍ കഴിയും പ്രത്യേകിച്ചും പ്രായോഗിക സഹായം. മാത്രമല്ല അസ്വസ്ഥരാകാതെ തന്നെ മറ്റുള്ളവരെ സേവിക്കാനും കഴിയും. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ അവര്‍ നമ്മുടെ മുറിവുകളെ സ്പര്‍ശിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ കൈകളാണ് (വാ. 4-5).
ഡാഡിയുടെ ആദ്യ കീമോതെറാപ്പി അടുത്തയിടെ നടന്നു, ഞങ്ങളുടെ സഹായിയായ ദൈവദൂതന് ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി എന്റെ മാതാപിതാക്കളുടെ ഫ്രിഡ്ജില്‍ ഭക്ഷണം നിറഞ്ഞിരുന്നു.
ഒരു ട്രക്ക് ഡ്രൈവറുടെ കൈകളിലൂടെ വന്ന ദൈവത്തിന്റെ കരുണ!
നിങ്ങള്‍ക്ക് എന്ത് ആത്മീയ വരങ്ങളാണുള്ളത്? (ഉറപ്പില്ലെങ്കില്‍, റോമര്‍ 12:3-8; 1 കൊരിന്ത്യര്‍ 12; എഫെസ്യര്‍ 4:7-13 എന്നിവ പരിശോധിക്കുക.) മറ്റുള്ളവരെ സേവിക്കാന്‍ നിങ്ങള്‍ അവയെ എങ്ങനെ ഉപയോഗിക്കുന്നു?
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങ് ആരാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ആവശ്യത്തിലിരിക്കുന്നവരെ ശക്തിയോടെയും സന്തോഷത്തോടെയും സേവിക്കാന്‍ തക്കവണ്ണം അങ്ങയുടെ കരുണയാല്‍ നിറയുവാന്‍ എന്നെ സഹായിക്കണമേ.