യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ രമേശിന് ഇഷ്ടമാണ്. സഹപ്രവര്‍ത്തകരോട് അദ്ദേഹം ധൈര്യത്തോടെ സംസാരിക്കുകയും ഓരോ മാസത്തിലും ഒരു വാരാന്ത്യം വീടുതോറും സുവിശേഷം പറയുന്നതിനായി തന്റെ ഗ്രാമത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉത്സാഹം പകരുന്നതായിരുന്നു- പ്രത്യേകിച്ചും വിശ്രമിക്കാനും സ്വസ്ഥമാകാനും സമയമെടുക്കേണ്ടതിന്റെ മൂല്യം അദ്ദേഹം മനസ്സിലാക്കിയതുമുതല്‍.
രമേശ് എല്ലാ വാരാന്ത്യങ്ങളും മിക്ക സായാഹ്നങ്ങളും സുവിശേഷം പ്രസംഗിക്കാനാണ് ചെലവഴിച്ചിരുന്നത്. അദ്ദേഹം പുറത്തുപോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും തന്റെ അസാന്നിധ്യം അനുഭവപ്പെട്ടിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോഴാകട്ടെ ക്ഷീണിതനായി കാണപ്പെട്ടു. തന്റെ ഓരോ മിനിറ്റും സംഭാഷണവും പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഗെയിമുകളോ കൊച്ചുകൊച്ചു സംസാരമോ അദ്ദേഹത്തിന് ആസ്വദിക്കാനായില്ല. ശരിക്കും വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലായിരുന്നു രമേശ്.
ഭാര്യയുടെ സത്യസന്ധമായ വാക്കുകളും സുഹൃത്തുക്കളുടെ ഉപദേശവും വേദപുസ്തകത്തിലെ അവ്യക്തമെന്നു തോന്നുന്ന ചില ഭാഗങ്ങളും അദ്ദേഹത്തെ തന്റെ അസന്തുലിതാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്തി. സദൃശവാക്യങ്ങള്‍ 30 ല്‍ ഉറുമ്പ്, കോഴി, വെട്ടുക്കിളി എന്നിവയെ പോലുള്ള നിസ്സാര ജീവികളെക്കുറിച്ച് പരാമര്‍ശിക്കുന്നു. ”പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു” (വാ. 28).
ഇത്രയും ലൗകികമായ ഒരു കാര്യം ബൈബിളില്‍ എങ്ങനെയാണ് വന്നതെന്ന് രമേശ് ആശ്ചര്യപ്പെട്ടു. പല്ലികളെ നിരീക്ഷിക്കുന്നതിന് കാര്യമായ സമയം ആവശ്യമാണ്. കൊട്ടാരത്തിന് ചുറ്റും ഒരു പല്ലി സഞ്ചരിക്കുന്നത് ആരോ കണ്ടു, അത് രസകരമാണെന്ന് കരുതി, കുറച്ച് കൂടി കാണാന്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തി. ജോലിയും വിശ്രമവും സന്തുലിതമാക്കുന്നതിനു നമ്മെ ഓര്‍മ്മിപ്പിക്കുന്നതിനായി ദൈവം ഒരുപക്ഷേ അത് തന്റെ വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കാം. പല്ലികളെക്കുറിച്ച് പകല്‍ സ്വപ്നം കാണാനും നമ്മുടെ കുട്ടികളുമായി ഒരെണ്ണത്തിനെ പിടിക്കാനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒത്തു വിശ്രമിക്കാനും നമുക്ക് മണിക്കൂറുകള്‍ ആവശ്യമാണ്. എപ്പോള്‍ ജോലിചെയ്യണം, ശുശ്രൂഷിക്കണം, വിശ്രമിക്കണം എന്ന് അറിയാന്‍ ദൈവം നമുക്ക് ജ്ഞാനം നല്കട്ടെ!
ജോലിയും വിശ്രമവും നിങ്ങള്‍ എങ്ങനെ സന്തുലിതമാക്കുന്നു? നിങ്ങളുടെ അടുത്തുള്ളവര്‍ നിങ്ങള്‍ അവരെ സ്നേഹിക്കുന്നുവെന്ന് പറയുമോ? എന്തുകൊണ്ട് അല്ലെങ്കില്‍ എന്തുകൊണ്ടില്ല?
യേശുവേ, അങ്ങയുടെ സ്നേഹം ഫലപ്രദമായ ജോലിക്കും അര്‍ത്ഥവത്തായ വിശ്രമത്തിനും എന്നെ സ്വതന്ത്രനാക്കുന്നു.