വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരു യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അന്തേവാസികളോടു പ്രസംഗിക്കാന്‍ എന്നെ ക്ഷണിച്ചു. റൗഡിത്തരത്തിനു പേരുകേട്ടവരായിരുന്നു അവര്‍. അതിനാല്‍ ഒരു പിന്തുണയ്ക്കായി ഞാന്‍ ഒരു സുഹൃത്തിനെ കൂടെ കൊണ്ടുപോയി. ഒരു ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ ആഘോഷത്തിന്റെ മാനസികാവസ്ഥയിലായിരുന്നു. അത്താഴസമയത്ത് ആകെ അലങ്കോലമായിരുന്നു. ഒടുവില്‍, ഹോസ്റ്റലിന്റെ പ്രസിഡന്റ് പ്രഖ്യാപിച്ചു: ”ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് ആളുകള്‍ ഇവിടെയുണ്ട്.”
ഞാന്‍ വിറയ്ക്കുന്ന കാലുകളില്‍ എഴുന്നേറ്റു നിന്ന് ദൈവസ്നേഹത്തെക്കുറിച്ച് അവരോട് പറയാന്‍ തുടങ്ങി, മുറി നിശ്ചലമായി. അവര്‍ അതീവ ശ്രദ്ധാലുക്കളായി. തുടര്‍ന്ന് ഊര്‍ജ്ജസ്വലവും സത്യസന്ധവുമായ ഒരു ചോദ്യത്തര വേള ഉണ്ടായി. പിന്നീട്, ഞങ്ങള്‍ അവിടെ ഒരു ബൈബിള്‍ പഠനം ആരംഭിച്ചു, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനേകര്‍ യേശുവിലുള്ള രക്ഷ കരസ്ഥമാക്കി.
”സാത്താന് മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു” (ലൂക്കൊസ് 10:18), എന്നാല്‍ മറ്റു ചില ദിവസങ്ങളില്‍ വീണതു ഞാനായിരുന്നു – ഞാന്‍ മുഖമടിച്ചു വീണു.
യേശുവിന്റെ ശിഷ്യന്മാര് ഒരു ദൗത്യത്തില്‍ നിന്ന് മടങ്ങി വന്ന് വലിയ വിജയം റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് ലൂക്കൊസ് 10 ല്‍ പറയുന്നു. പലരെയും ദൈവരാജ്യത്തിലേക്കു കൊണ്ടുവന്നു, ഭൂതങ്ങളെ പുറത്താക്കി, ആളുകള്‍ സൗഖ്യം പ്രാപിച്ചു. ശിഷ്യന്മാര് ആവേശത്തിലായിരുന്നു! യേശു പറഞ്ഞു, ”സാത്താന് മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു.” ഒപ്പം അവന് ഒരു മുന്നറിയിപ്പ് നല്കി: ”ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിക്കുവിന്‍” (വാ. 20).
വിജയത്തില്‍ നാം സന്തോഷിക്കുന്നു. പരാജയപ്പെടുമെന്ന് തോന്നുമ്പോള്‍ നാം നിരാശപ്പെടും. ദൈവം നിങ്ങളെ വിളിച്ച കാര്യം ചെയ്യുന്നത് തുടരുക – ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുക. അവന്റെ പുസ്തകത്തില്‍ നിങ്ങളുടെ പേരുണ്ട്!
ദൈവത്തിന്റെ ഹൃദയത്തില്‍ നിങ്ങളുടെ പേര് എഴുതിയതായി സങ്കല്‍പ്പിക്കുക. കാര്യങ്ങള്‍ ശരിയായി നടക്കുമ്പോള്‍ - അഥവാ കാര്യങ്ങള്‍ തകിടം മറിയുമ്പോള്‍ - മുന്നോട്ടു പോകാന്‍ അത് എങ്ങനെയാണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്?
ദൈവമേ, എന്റെ ശത്രുക്കളുടെമേല്‍ എനിക്കു ജയം തന്നതിനു നന്ദി, എന്നാല്‍ ഞാന്‍ പരാജയപ്പെടുമ്പോള്‍ ശക്തനാകാനും എന്നെ സഹായിക്കണമേ. അങ്ങയുടെ കുടുംബത്തിലെ അംഗമായിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.