എന്റെ കൊച്ചുമക്കളില്‍ രണ്ടു പേര്‍, ഒരു ഇംഗ്ലീഷ് ബാലകഥാ പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സംഗീതകൃതി ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ജൂനിയറില്‍ അഭിനയിക്കാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍, പ്രധാന വേഷങ്ങള്‍ ലഭിക്കാന്‍ ഇരുവരും മനസ്സുവെച്ചു. എന്നാല്‍ അവരിരുവരും പൂക്കളായി തിരഞ്ഞെടുക്കപ്പെട്ടു. അതൊരു വലിയ റോളായിരുന്നില്ല.

എന്നിട്ടും എന്റെ മകള്‍ പറഞ്ഞു, ”പ്രധാന വേഷങ്ങള്‍ ലഭിച്ച അവരുടെ സുഹൃത്തുക്കളെച്ചൊല്ലി പെണ്‍കുട്ടികള്‍ ആവേശത്തിലാണ്. തങ്ങളുടെ സുഹൃത്തുക്കളെച്ചൊല്ലി അവര്‍ കൂടുതല്‍ സന്തോഷിക്കുകയും അവരുടെ ആവേശത്തില്‍ പങ്കുചേരുകയും ചെയ്തപ്പോള്‍ അവരുടെ സന്തോഷം വര്‍ദ്ധിച്ചു.’

ക്രിസ്തുവിന്റെ ശരീരത്തില്‍ നാം പരസ്പരം ഇടപഴകുന്നതിന്റെ ഒരു ചിത്രം എത്ര മഹത്തായതായിരിക്കും! എല്ലാ പ്രാദേശിക സഭകള്‍ക്കും പ്രധാന വേഷങ്ങളെന്നു കണക്കാക്കുന്നവയുണ്ട്. എന്നാല്‍ അവര്‍ക്ക് പൂക്കളും ആവശ്യമാണ് – സുപ്രധാനമെന്നു കരുതപ്പെടാത്തവയും എന്നാല്‍ അനിവാര്യമായതുമായ ജോലി ചെയ്യുന്നവര്‍. മറ്റുള്ളവര്‍ക്ക് നാം ആഗ്രഹിക്കുന്ന റോളുകള്‍ ലഭിക്കുകയാണെങ്കില്‍, ദൈവം നമുക്കു നല്‍കിയിട്ടുള്ള റോളുകള്‍ ആവേശത്തോടെ പൂര്‍ത്തിയാക്കിക്കൊണ്ടുതന്നേ അവരെ പ്രോത്സാഹിപ്പിക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.

വാസ്തവത്തില്‍, മറ്റുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. എബ്രായര്‍ 6:10 പറയുന്നു, ”ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളയുവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.” അവന്റെ കയ്യില്‍ നിന്നുള്ള ഒരു ദാനവും അപ്രധാനമല്ല: ”ഓരോരുത്തന് വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി
അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിക്കുവിന്‍” (1 പത്രൊസ് 4:10).

ദൈവം നല്‍കിയ ദാനങ്ങളെ അവന്റെ മഹത്വത്തിനായി ഉത്സാഹപൂര്‍വ്വം ഉപയോഗിക്കുന്ന ഒരു സഭയെ സങ്കല്‍പ്പിക്കുക (എബ്രായര്‍ 6:10). അപ്പോള്‍ അത് സന്തോഷത്തിനും ആവേശത്തിനും കാരണമാകുന്നു!