Month: നവംബർ 2020

ഏതൊരാളും എല്ലാവരും

എല്‍ സാല്‍വഡോര്‍ എന്ന രാജ്യം അതിന്റെ തലസ്ഥാനനഗരത്തിന്റെ മധ്യത്തില്‍ യേശുവിന്റെ ശില്പം സ്ഥാപിച്ച് അവനെ ബഹുമാനിച്ചു. തിരക്കേറിയ ഒരു ട്രാഫിക് സര്‍ക്കിളിന് നടുവിലാണ് ഈ സ്മാരകം നില്‍ക്കുന്നതെങ്കിലും, അതിന്റെ ഉയരം നിമിത്തം എളുപ്പം കാണാന്‍ സാധിക്കുന്നു. കൂടാതെ അതിന്റെ പേര് - ലോകത്തിന്റെ ദിവ്യ രക്ഷകന്‍ - അവന്റെ അമാനുഷിക പദവിയോടുള്ള ബഹുമാനം വിളിച്ചറിയിക്കുന്നു.

യേശുവിനെക്കുറിച്ച് ബൈബിള്‍ പറയുന്ന കാര്യങ്ങളെ സ്മാരകത്തിന്റെ പേര് സ്ഥിരീകരിക്കുന്നു (1 യോഹന്നാന്‍ 4:14). എല്ലാവര്‍ക്കും രക്ഷ നല്‍കുന്നവനാണ് യേശു. യേശു സാംസ്‌കാരിക അതിര്‍വരമ്പുകള്‍ കടന്ന്, പ്രായം, വിദ്യാഭ്യാസം, വംശീയത, മുന്‍കാല പാപം, അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ ആത്മാര്‍ത്ഥമായി തന്നെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും സ്വീകരിക്കുന്നു.

യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് ജനങ്ങളോടു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് പുരാതന ലോകത്തില്‍ സഞ്ചരിച്ചു. രാഷ്ട്രീയ, മത നേതാക്കള്‍, സൈനികര്‍, യെഹൂദന്മാര്‍, വിജാതീയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുമായി അവന്‍ ഈ സന്തോഷവാര്‍ത്ത പങ്കിട്ടു. ''യേശു കര്‍ത്താവാണ്'' എന്ന് ഏറ്റുപറഞ്ഞും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുവെന്ന് വിശ്വസിച്ചും ഒരു വ്യക്തിക്ക് ക്രിസ്തുവുമായി ഒരു ബന്ധം ആരംഭിക്കാന്‍ കഴിയുമെന്ന് പൗലൊസ് വിശദീകരിച്ചു (റോമര്‍ 10:9). അദ്ദേഹം പറഞ്ഞു, ''അവനില്‍ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല. . . . കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും' (വാ. 11, 13).

യേശു ബഹുമാനിക്കപ്പെടേണ്ട അകന്നുനില്‍ക്കുന്ന ഒരു പ്രതിമയല്ല; വിശ്വാസത്തിലൂടെ നമുക്ക് അവനുമായി ഒരു വ്യക്തിബന്ധം ഉണ്ടായിരിക്കണം. അവിടുന്ന് നല്‍കുന്ന രക്ഷയുടെ മൂല്യം നാം കാണുകയും അവനുമായി ഒരു ആത്മീയ ബന്ധത്തിലേക്ക് മുന്നേറുകയും ചെയ്യാം.

ടര്‍ക്കികള്‍ പഠിപ്പിച്ചത്

ഒരു കൂട്ടം ടര്‍ക്കികളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതിനെ റാഫ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ എന്തിനാണ് ടര്‍ക്കികളെക്കുറിച്ച് എഴുതുന്നത്? കാരണം ഞാന്‍ ഒരു പര്‍വ്വത ക്യാബിനില്‍ ഒരു വാരാന്ത്യം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയതേയുള്ളു. ഓരോ ദിവസവും, ടര്‍ക്കികളുടെ ഒരു നിര ഞങ്ങളുടെ പൂമുഖത്തുകൂടെ പരേഡു നടത്തുന്നതു ഞാന്‍ കണ്ടിരുന്നു.

ഞാന്‍ മുമ്പ് ടര്‍ക്കിയെ നിരീക്ഷിച്ചിട്ടില്ല. ശ്രദ്ധേയമായ പാദങ്ങള്‍ ഉപയോഗിച്ച് അവ ശക്തിയായി മാന്തുമായിരുന്നു. എന്നിട്ട് അവര്‍ വേട്ടയാടുകയും നിലത്തുകൊത്തുകയും ചെയ്തു. ഭക്ഷിക്കാനാണെന്നു ഞാന്‍ കരുതുന്നു (ഇത് എന്റെ ആദ്യത്തെ ടര്‍ക്കി നിരീക്ഷണമായതിനാല്‍, എനിക്കു 100 ശതമാനം ഉറപ്പില്ലായിരുന്നു). വരണ്ട ആ പ്രദേശം കണ്ടിട്ട് അവയ്‌ക്കൊന്നും അധികകാലം നിലനില്‍ക്കാന്‍ കഴിയില്ലെന്നു തോന്നി. പക്ഷേ ഒരു ഡസനോളം വരുന്ന ഈ ടര്‍ക്കികള്‍ തടിച്ചുകൊഴുത്ത് ആരോഗ്യമുള്ളവയായി കാണപ്പെട്ടു.

നന്നായി പോഷിപ്പിക്കപ്പെട്ട ആ ടര്‍ക്കികളെ നിരീക്ഷിക്കുന്നത് മത്തായി 6:26-ലെ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു: ''ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' നമ്മോടുള്ള കരുതലിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി, വിലയില്ലാത്തതായി കാണപ്പെടുന്ന പക്ഷികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ യേശു ഉപയോഗിക്കുന്നു. ഒരു പക്ഷിയുടെ ജീവിതം പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, നമ്മുടേത് എത്രയധികം? നമ്മുടെ ദൈനംദിന ആവശ്യങ്ങളെക്കുറിച്ചു ആകുലപ്പെടുന്ന ജീവിതവും 'മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന,' അവിടുന്ന് നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി കരുതുമെന്ന് ആത്മവിശ്വാസമുള്ള ജീവിതവും തമ്മിലുള്ള അന്തരം യേശു മനസ്സിലാക്കി തരുന്നു. കാരണം, കാട്ടു ടര്‍ക്കികളുടെ കൂട്ടത്തെ പരിപാലിക്കാന്‍ ദൈവത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും എന്നെയും പരിപാലിക്കാന്‍ അവനു കഴിയും.

എനിക്കുള്ള ഇടം

അദ്ദേഹം പ്രായാധിക്യമുള്ള, പരുക്കന്‍ സ്വഭാവവും ഭാഷയും ഉള്ള ഒരു വിരമിച്ച സൈനികനായിരുന്നു. ഒരു ദിവസം ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ആത്മീയ വിശ്വാസങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആ മനുഷ്യന്റെ നിഷേധാത്മക പ്രതികരണം പെട്ടെന്ന് വന്നു: ''എന്നെപ്പോലൊരാളില്‍ ദൈവത്തിന് ഇടമില്ല.''

ഒരുപക്ഷേ അത് അദ്ദേഹത്തിന്റെ ''കഠിന മനുഷ്യന്‍'' എന്ന നാട്യത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യത്തില്‍ നിന്നും അകലെയുമല്ല! ദൈവം ഇടം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചും കഠിനഹൃദയര്‍, കുറ്റബോധത്താല്‍ പിടിക്കപ്പെട്ടവര്‍, പുറംതള്ളപ്പെട്ടവര്‍ എന്നിവരെ തന്റെ സമൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അവര്‍ തഴച്ചുവളരുന്നതിനും വേണ്ടി. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍, തനിക്കു ശിഷ്യന്മാരെ കണ്ടെത്തുന്നതിന് ചില അത്ഭുതകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയതിലൂടെ ഇത് വ്യക്തമായിരുന്നു. ഒന്നാമതായി, ഗലീലിയില്‍ നിന്നുള്ള നിരവധി മീന്‍പിടുത്തക്കാരെ - യെരൂശലേമിലുള്ളവരുടെ വീക്ഷണത്തില്‍ ''പാതയുടെ തെറ്റായ വശം'' ചേര്‍ന്നു നടക്കുന്നവരെ അവന്‍ തിരഞ്ഞെടുത്തു. ചുങ്കക്കാരനായ മത്തായിയെയും അവന്‍ തിരഞ്ഞെടുത്തു. വിദേശാധിപത്യത്തില്‍ കിടക്കുന്ന തന്റെ ജനത്തിന്റെ ശത്രുത ഏറ്റുവാങ്ങിയവനായിരുന്നു അവന്‍. പിന്നെ, യേശു ''എരിവുകാരനായ'' മറ്റെ ശിമോനെ വിളിച്ചു (മര്‍ക്കൊസ് 3:18).

ഈ ശിമോനെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല (അവന്‍ ശിമോന്‍ പത്രൊസ് അല്ല). പക്ഷേ എരിവുകാരെക്കുറിച്ച് നമുക്കറിയാം. നിന്ദിക്കപ്പെട്ട റോമാക്കാരുമായി സഹകരിച്ച് സമ്പന്നരായ മത്തായിയെപ്പോലുള്ള രാജ്യദ്രോഹികളെ അവര്‍ വെറുത്തു. എന്നിട്ടും, ദൈവിക വിരോധാഭാസത്താല്‍, യേശു മത്തായിയോടൊപ്പം ശിമോനെ തിരഞ്ഞെടുത്തു, അവരെ ഒരുമിച്ചു കൊണ്ടുവന്നു, തന്റെ സംഘത്തില്‍ കൂട്ടിച്ചേര്‍ത്തു.

യേശുവിന് 'കൊള്ളാത്തവര്‍' എന്നു പറഞ്ഞ് ആരെയും എഴുതിത്തള്ളരുത്. എല്ലാറ്റിനുമുപരി, ''ഞാന്‍ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിക്കുവാന്‍ വന്നിരിക്കുന്നത്'' (ലൂക്കൊസ് 5:32) എന്ന് അവന്‍ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെയും എന്നെയും പോലുള്ള കഠിനരായ ആളുകള്‍ക്ക് അവന്റെയടുക്കല്‍ ധാരാളം സ്ഥലമുണ്ട്.

ഒരു തുറന്ന, ഔദാര്യ ഹൃദയം

ഇനി നന്നാക്കാന്‍ കഴിയാത്ത വിധം വിക്കിയുടെ പഴയ ബൈക്ക് കേടായപ്പോള്‍, അവള്‍ മറ്റൊരു വാഹനത്തിനായി ചെറിയ തുകകള്‍ വീതം ശേഖരിക്കാന്‍ തുടങ്ങി. വിക്കി ജോലി ചെയ്യുന്ന റെസ്റ്റോറന്റിലെ പതിവ് കസ്റ്റമറായ ക്രിസ്, അവള്‍ക്ക് ഒരു ബൈക്ക് വേണമെന്ന് പറയുന്നതു ഒരു ദിവസം കേട്ടു. ''എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല,'' ക്രിസ് പറഞ്ഞു. ''എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു.'' അദ്ദേഹം തന്റെ മകന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങി (മകന്‍ അത് വില്‍പ്പനയ്ക്ക് വച്ചിരുന്നു), അത് തൂത്തുതുടച്ച്, വിക്കിക്കു താക്കോല്‍ കൈമാറി. വിക്കി ഞെട്ടിപ്പോയി. 'ആര്. . . ഇത് ചെയ്യും?' അവള്‍ ആശ്ചര്യത്തോടും നന്ദിയോടും കൂടെ പറഞ്ഞു.

നമുക്ക് കഴിയുന്നത്ര സൗജന്യമായി നല്‍കിക്കൊണ്ട് - ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചത് നല്‍കിക്കൊണ്ട് - തുറന്ന കൈകളോടെ ജീവിക്കാന്‍ തിരുവെഴുത്തുകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. തിമൊഥെയൊസിനോടു പറയുന്നതുപോലെ: 'ഈ ലോകത്തിലെ ധനികരോട് നന്മ ചെയ്യാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍ കല്‍പ്പിക്കുക'' (1 തിമൊഥെയൊസ് 6:18). നാം ഇവിടെയും അവിടെയും വല്ലപ്പോഴും ഒരു ദയാ പ്രവൃത്തി ചെയ്യുകയല്ല, മറിച്ച് ദാനം ചെയ്യുന്നതില്‍ സന്തോഷമുള്ളവരായി ജീവിക്കുകയാണ് വേണ്ടത്. വിശാല ഹൃദയം നമ്മുടെ സാധാരണ ജീവിത രീതി ആയിരിക്കണം. ''ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുക'' എന്നു നമ്മോടു പറഞ്ഞിരിക്കുന്നു (വാ. 18).

തുറന്നതും ഔദാര്യമുള്ളതുമായ ഹൃദയത്തോടെ നാം ജീവിക്കുമ്പോള്‍, നമുക്ക് ആവശ്യമുള്ളത് തീര്‍ന്നുപോകുമെന്ന് ഭയപ്പെടേണ്ടതില്ല. മറിച്ച്, നമ്മുടെ അനുകമ്പയുള്ള ഔദാര്യത്തില്‍ നാം 'സാക്ഷാലുള്ള ജീവനെ പിടിക്കുകയാണ്'' എന്ന് ബൈബിള്‍ പറയുന്നു (വാ. 19). ദൈവത്തോടൊപ്പം, യഥാര്‍ത്ഥ ജീവിതമെന്നാല്‍ നമ്മുടെ പക്കലുള്ളതിന്മേല്‍ ഉള്ള നമ്മുടെ പിടി അയച്ചുവിടുകയും മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുക എന്നതാണ്.

സമാധാനത്തിന്റെ ഉപകരണങ്ങള്‍

1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞന്‍ സര്‍ എഡ്വേര്‍ഡ് ഗ്രേ ഇങ്ങനെ പ്രഖ്യാപിച്ചു, ''യൂറോപ്പിലുടനീളം വിളക്കുകള്‍ അണയുന്നു; നമ്മുടെ ജീവിതകാലത്ത് അവ വീണ്ടും കത്തിക്കുന്നത് നാം കണ്ടെന്നുവരില്ല'' ഗ്രേ പറഞ്ഞത് ശരിയായിരുന്നു. ''എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം'' അവസാനിച്ചപ്പോള്‍ ഏകദേശം 20 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടു (അവരില്‍ 10 ദശലക്ഷം പേര്‍ സാധാരണക്കാരായിരുന്നു). മറ്റൊരു 21 ദശലക്ഷം പേര്‍ക്ക് പരിക്കേറ്റു.

ഇതേ അളവിലോ വലുപ്പത്തിലോ അല്ലെങ്കിലും, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നാശം സംഭവിക്കാം. നമ്മുടെ വീട്, ജോലിസ്ഥലം, സഭ അല്ലെങ്കില്‍ അയല്‍പക്കം എന്നിവയെയും സംഘര്‍ഷത്തിന്റെ ഇരുണ്ട ഭൂതം മറച്ചേക്കാം. ലോകത്തിന് വ്യത്യാസമുണ്ടാക്കുന്നവരാകാന്‍ ദൈവം നമ്മെ വിളിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നാം അവന്റെ ജ്ഞാനത്തില്‍ ആശ്രയിക്കണം. അപ്പൊസ്തലനായ യാക്കോബ് എഴുതി, ''ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും
ഇല്ലാത്തതുമാകുന്നു. എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും' (യാക്കോബ് 3:17-18).

സമാധാന നിര്‍മ്മാതാവിന്റെ പങ്ക് പ്രധാനമായിരിക്കുന്നത് അതിന്റെ കൊയ്ത്തു കാരണമാണ്. നീതി എന്ന വാക്കിന്റെ അര്‍ത്ഥം ''ശരിയായ നില'' അല്ലെങ്കില്‍ ''ശരിയായ ബന്ധം'' എന്നാണ്. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമാധാനം ഉണ്ടാക്കുന്നവര്‍ക്ക് കഴിയും . ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും'' (മത്തായി 5:9) എന്ന് യേശു പറഞ്ഞതില്‍ അതിശയിക്കാനില്ല. അവന്റെ മക്കള്‍, അവന്റെ ജ്ഞാനത്തില്‍ ആശ്രയിച്ച്, സമാധാനം ഏറ്റവും ആവശ്യമായിരിക്കുന്നിടത്ത് അതു നിര്‍മ്മിക്കുന്ന ഉപകരണങ്ങളായി മാറുന്നു.