1914 ല്‍ ബെല്‍ജിയത്തിലെ ഒരു തണുത്ത ക്രിസ്തുമസ് രാവില്‍, പട്ടാളക്കാര്‍ ഒളിച്ചിരിക്കുന്ന ട്രെഞ്ചുകളില്‍നിന്ന് ഗാനങ്ങള്‍ ആലപിക്കുന്ന ശബ്ദം ഉയര്‍ന്നു. ”സൈലന്റ് നൈറ്റ്” ന്റെ വരികള്‍ ജര്‍മ്മന്‍ ഭാഷയിലും തുടര്‍ന്ന് ഇംഗ്ലീഷിലും മുഴങ്ങി. കഴിഞ്ഞ പകലില്‍ പരസ്പരം വെടിയുതിര്‍ത്തുകൊണ്ടിരുന്ന സൈനികര്‍ ആയുധങ്ങള്‍ താഴെവെച്ച് അവരുടെ ട്രെഞ്ചുകളില്‍നിന്നു കയറി അവര്‍ക്കിടയിലുള്ള ”നോമാന്‍സ് ലാന്‍ഡില്‍” വെച്ച് ഹസ്തദാനം നല്‍കുകയും ക്രിസ്തുമസ് ആശംസകളും തങ്ങളുടെ റേഷനില്‍ നിന്ന് സ്വമേധയാ സമ്മാനങ്ങളും കൈമാറി. സൈനികര്‍ സംസാരിക്കുകയും ചിരിക്കുകയും ഒരുമിച്ച് സോക്കര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതിനാല്‍ അടുത്ത ദിവസവും വെടിനിര്‍ത്തല്‍ തുടര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയില്‍ 1914 ല്‍ നടന്ന ക്രിസ്തുമസ് വെടിനിര്‍ത്തല്‍, വളരെക്കാലം മുമ്പ് ആദ്യത്തെ ക്രിസ്തുമസ് രാവില്‍ ദൂതന്മാര്‍ പ്രഖ്യാപിച്ച സമാധാനത്തിന്റെ ഒരു ഹ്രസ്വകാഴ്ച നല്‍കി. പേടിച്ചരണ്ട ഇടയന്മാരോട് ഒരു ദൂതന്‍ ഈ ആശ്വാസകരമായ വാക്കുകള്‍ പറഞ്ഞു: ”ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു’ (ലൂക്കൊസ് 2:10-11). അപ്പോള്‍ ഒരു കൂട്ടം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു, അവര്‍ ”ദൂതനോട് ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം’ എന്ന് പറയുകയും ചെയ്തു (വാ. 13-14).

നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന ”സമാധാന പ്രഭു” ആണ് യേശു (യെശയ്യാവ് 9:6). ക്രൂശിലെ തന്റെ ത്യാഗത്തിലൂടെ അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ പാപമോചനവും ദൈവത്തോട് സമാധാനവും നല്‍കുന്നു.