എന്റെ മകന്‍ സേവ്യര്‍, വര്‍ഷങ്ങള്‍കൊണ്ടു രൂപകല്‍പ്പന ചെയ്തു കൈകൊണ്ട് നിര്‍മ്മിച്ച ക്രിസ്മസ് ആഭരണങ്ങളും മുത്തശ്ശി അവന് വര്‍ഷംതോറും സമ്മാനിച്ചിരുന്ന പൊരുത്തപ്പെടാത്ത കളിപ്പാട്ടങ്ങളും നോക്കിക്കൊണ്ടിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങളുടെ അലങ്കാരങ്ങളില്‍ ഞാന്‍ സംതൃപ്തയാകാത്തതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഓരോ അലങ്കാരവും പ്രതിനിധീകരിക്കുന്ന സര്‍ഗ്ഗാത്മകതയെയും ഓര്‍മ്മകളെയും ഞാന്‍ എല്ലായ്‌പ്പോഴും വിലമതിക്കാറുണ്ട്. പിന്നെ എന്താണ് ചില്ലറ വില്‍പ്പനശാലകളുടെ അവധിക്കാല പ്രദര്‍ശനങ്ങളിലെ ആകര്‍ഷണമായ, തമ്മില്‍ പൊരുത്തപ്പെടുന്ന ബള്‍ബുകള്‍, തിളങ്ങുന്ന ഗോളങ്ങള്‍, സാറ്റിന്‍ റിബണുകള്‍ എന്നിവയാല്‍ അലങ്കരിച്ച ഒരു വൃക്ഷത്തെ മോഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്?

ഞങ്ങളുടെ എളിയ അലങ്കാരത്തില്‍ നിന്ന് ഞാന്‍ പിന്തിരിയാന്‍ തുടങ്ങിയപ്പോള്‍, യേശു, എന്റെ രക്ഷകന്‍ എന്ന ലളിതമായ ഒരു വാക്യം രേഖപ്പെടുത്തിയ ചുവന്ന, ഹൃദയത്തിന്റെ ആകൃതിയിലുള്ള, ഒരു ആഭരണം എന്റെ കണ്ണില്‍ പെട്ടു. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന കാരണങ്ങള്‍ എന്റെ കുടുംബവും ക്രിസ്തുവിലുള്ള എന്റെ പ്രത്യാശയുമാണെന്ന് എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഞങ്ങളുടെ ലളിതമായ ട്രീ കടകളില്‍ കാണുന്നവപോലെ ഒന്നും അല്ലെങ്കിലും, ഓരോ അലങ്കാരത്തിനും പിന്നിലുള്ള സ്‌നേഹമാണ് അതിനെ മനോഹരമാക്കുന്നത്്.

നമ്മുടെ ലളിതമായ വൃക്ഷത്തെപ്പോലെ, മശിഹാ ലോകത്തിന്റെ പ്രതീക്ഷകളെ ഒരു തരത്തിലും പാലിച്ചില്ല (യെശയ്യാവ് 53: 2). യേശു ”നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും’ ഇരുന്നു (വാ. 3). എന്നിരുന്നാലും, സ്‌നേഹത്തിന്റെ വിസ്മയകരമായ ഒരു പ്രകടനത്തിലൂടെ, അവന്‍ ഇപ്പോഴും ”നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റ്” ഇരിക്കുന്നതു തിരഞ്ഞെടുത്തു (വാ. 5). അവന്‍ ശിക്ഷ സഹിച്ചതിനാല്‍ നമുക്ക് സമാധാനം ലഭിച്ചു (വാ. 5). അതിനേക്കാള്‍ മനോഹരമായി മറ്റൊന്നുമില്ല.

ഞങ്ങളുടെ അപൂര്‍ണ്ണമായ അലങ്കാരങ്ങളോടും ഞങ്ങളുടെ സമ്പൂര്‍ണ്ണ രക്ഷകനോടും ഒത്ത് പുതുക്കപ്പെട്ട നന്ദിയോടെ, ഞാന്‍ പുറമേയുള്ള തിളക്കത്തിനായുള്ള ആഗ്രഹം നിര്‍ത്തി, ദൈവത്തിന്റെ മഹത്വപൂര്‍ണ്ണമായ സ്‌നേഹത്തെ സ്തുതിച്ചു. തിളങ്ങുന്ന അലങ്കാരങ്ങള്‍ക്ക് ഒരിക്കലും അവന്റെ ത്യാഗപൂര്‍ണ്ണമായ സൗന്ദര്യത്തോടു കിടപിടിക്കാന്‍ കഴികയില്ല.