ഓരോ ക്രിസ്തുമസിനും ലോകമെമ്പാടുനിന്നുമുള്ള തിരുപ്പിറവി രംഗങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഞങ്ങളുടെ വീട് അലങ്കരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ജര്‍മ്മന്‍ തിരുപ്പിറവി പിരമിഡുണ്ട്; ബെത്ലഹേമില്‍ നിന്നുള്ള ഒലിവ് മരത്തില്‍ നിര്‍മ്മിച്ച ഒരു പുല്്ത്തൊട്ടി രംഗവും കടും വര്‍ണ്ണത്തിലുള്ള ഒരു മെക്സിക്കന്‍ നാടോടി പതിപ്പും ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും പ്രിയങ്കരം ആഫ്രിക്കയില്‍ നിന്നുള്ള വിചിത്രമായ ഒന്നാണ്. കൂടുതല്‍ പരമ്പരാഗത ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും പകരം, ഒരു ഹിപ്പോപ്പൊട്ടാമസാണ് യേശുക്കുഞ്ഞിനെ ഉറ്റുനോക്കുന്നത്.
യേശുവിന്റെ ജനനം ഒരു ജനതയ്ക്കോ സംസ്കാരത്തിനോ മാത്രമായിരുന്നില്ല എന്നതിന്റെ മനോഹരമായ ഈ ഓരോ ഓര്‍മ്മപ്പെടുത്തലും ഞാന്‍ വീക്ഷിക്കുമ്പോള്‍ ഈ തിരുപ്പിറവി രംഗങ്ങളിലൂടെ സജീവമാക്കുന്ന അതുല്യമായ സാംസ്കാരിക വീക്ഷണങ്ങള്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ഇത് മുഴു ഭൂമിക്കും ഉള്ള സന്തോഷവാര്‍ത്തയാണ്, എല്ലാ രാജ്യങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് സന്തോഷിക്കാനുള്ള ഒരു കാരണമാണിത്.
ഞങ്ങളുടെ ഓരോ തിരുപ്പിറവി രംഗത്തിലും ചിത്രീകരിച്ചിരിക്കുന്ന ശിശു മുഴുലോകത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയത്തിന്റെ ഈ സത്യം വെളിപ്പെടുത്തി. നിക്കോദേമൊസ് എന്ന പരീശനുമായുള്ള ക്രിസ്തുവിന്റെ സംഭാഷണവുമായി ബന്ധപ്പെട്ട് യോഹന്നാന് എഴുതിയതുപോലെ, ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാന് 3:16) .
യേശു എന്ന ദാനം എല്ലാവര്ക്കും സന്തോഷവാര്‍ത്തയാണ്. ഭൂമിയില്‍ നിങ്ങള്‍ എവിടെ പാര്‍ത്താലും യേശുവിന്റെ ജനനം നിങ്ങള്‍ക്കുള്ള സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവിക വാഗ്ദാനമാണ്. ക്രിസ്തുവില്‍ പുതിയ ജീവിതം കണ്ടെത്തുന്ന ”സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള” എല്ലാവരും ഒരു ദിവസം ദൈവത്തിന്റെ മഹത്വം എന്നെന്നേക്കും ആഘോഷിക്കും (വെളിപ്പാട് 5:9).
യേശുവിന്റെ ജനനം ഏത് സവിശേഷമായ രീതിയിലാണ് നിങ്ങള്‍ ആഘോഷിക്കുന്നത്? മുഴുലോകത്തിനും വേണ്ടിയുള്ള ദൈവസ്നേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഈ ക്രിസ്തുമസ് സീസണില്‍ എങ്ങനെ സന്തോഷം നല്‍കും?
പിതാവേ, നിന്റെ പുത്രന് എന്ന ദാനത്തിലൂടെ രക്ഷ നല്‍കിയതിന് നന്ദി.