ഞങ്ങളുടെ വൈദ്യുതി പെട്ടെന്ന് നിലയ്ക്കുമ്പോള്‍ സൂര്യന്‍ അസ്തമിച്ച് വളരെനേരം കഴിഞ്ഞിരുന്നു. ഞങ്ങളുടെ രണ്ട് ഇളയ കുട്ടികളോടൊപ്പം ഞാന്‍ വീട്ടിലായിരുന്നു, അവരെ സംബന്ധിച്ച് ഇതാദ്യമായിട്ടാണ് വൈദ്യുതി മുടക്കം നേരിടുന്നത്. തകരാറിനെക്കുറിച്ച് യൂട്ടിലിറ്റി കമ്പനിയെ അറിയിച്ചതിനുശേഷം, ഞാന്‍ കുറച്ച് മെഴുകുതിരികള്‍ തപ്പിയെടുത്തു. കുട്ടികളും ഞാനും ഒരുമിച്ച് അടുക്കളയില്‍ മങ്ങിയ വെളിച്ചത്തിനു ചുറ്റും ഒത്തുകൂടി. അവര്‍ അസ്വസ്ഥരും അശാന്തരുമാണെന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ പാടാന്‍ തുടങ്ങി. താമസിയാതെ അവരുടെ മുഖത്തെ ഉത്കണ്ഠ പുഞ്ചിരിക്കു വഴിമാറി. ചിലപ്പോഴൊക്കെ നമ്മുടെ ഇരുണ്ട നിമിഷങ്ങളില്‍ നമുക്ക് ഒരു ഗാനം ആവശ്യമാണ്.

ദൈവജനം പ്രവാസത്തില്‍നിന്ന് പാഴും ശൂന്യവുമായിക്കിടക്കുന്ന ജന്മനാട്ടിലേക്കു മടങ്ങിവന്ന ശേഷം 103-ാം സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കുകയോ ആലപിക്കുകയോ ചെയ്തു. പ്രതിസന്ധിയുടെ ഒരു നിമിഷത്തില്‍, അവര്‍ക്കു പാടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു പാട്ടല്ല, മറിച്ച് ദൈവം ആരാണെന്നും അവന്‍ ചെയ്യുന്നതെന്താണെന്നും ആണ് അവര്‍ പാടേണ്ടത്. അവന്‍ കരുണയുള്ളവനും കൃപയുള്ളവനും ദീര്‍ഘക്ഷമയുള്ളവനും മഹാദയയും ഉള്ളവനും ആണെന്ന് ഓര്‍മ്മിക്കാന്‍ 103-ാം സങ്കീര്‍ത്തനം നമ്മെ സഹായിക്കുന്നു (വാ. 8). നമ്മുടെ പാപത്തിനുള്ള ശിക്ഷ ഇപ്പോഴും നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടോ എന്ന് നാം അതിശയിച്ചാല്‍, ദൈവം കോപിക്കുന്നില്ലെന്നും അവന്‍ ക്ഷമിച്ചുവെന്നും അവന് അനുകമ്പ തോന്നുന്നുവെന്നും സങ്കീര്‍ത്തനം പ്രഖ്യാപിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഇരുണ്ട രാത്രികളില്‍ പാടാനുള്ള നല്ല കാര്യങ്ങളാണിത്.

ഒരുപക്ഷേ, ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലത്ത്, ദൈവം ശരിക്കും നല്ലവനാണോ എന്ന് ആശ്ചര്യപ്പെട്ട് നിങ്ങളോടുള്ള അവന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യുക ആയിരിക്കാം നിങ്ങള്‍ ഇപ്പോള്‍. അങ്ങനെയാണെങ്കില്‍, സമൃദ്ധിയായ സ്‌നേഹം കാണിക്കുന്നവനോടു പ്രാര്‍ത്ഥിക്കുകയും പാടുകയും ചെയ്യുക!