മോഷണവും ഹെറോയിന്‍ ആസക്തിയും കാരണം പതിനേഴാം വയസ്സില്‍ ഡൊവെയ്‌നിന് ദക്ഷിണാഫ്രിക്കയിലെ കുടുംബവീട്ടില്‍ നിന്ന് പുറത്താകേണ്ടി വന്നു. അവന്‍ അധിക ദൂരം പോയില്ല, അമ്മയുടെ വീടിനു പിന്നില്‍ ടിന്‍ഷീറ്റുകൊണ്ട് ഒരു ഷെഡ് നിര്‍മ്മിച്ചു, അത് താമസിയാതെ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സ്ഥലമായ കാസിനോ എന്നറിയപ്പെട്ടു. എന്നിരുന്നാലും, പത്തൊന്‍പതാം വയസ്സില്‍, ഡോവെയ്ന്‍ യേശുവില്‍ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. മയക്കുമരുന്ന് ഉപേക്ഷിച്ചശേഷമുള്ള അവന്റെ യാത്ര ദീര്‍ഘവും ക്ഷീണിപ്പിക്കുന്നതുമായിരുന്നു, എന്നാല്‍ ദൈവത്തിന്റെ സഹായത്താലും യേശുവില്‍ വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ പിന്തുണയോടെയും അവന്‍ ശുദ്ധനായി. ഡൊവെയ്ന്‍ കാസിനോ നിര്‍മ്മിച്ച് പത്ത് വര്‍ഷത്തിനു ശേഷം, അവനും മറ്റുള്ളവരും ആ കുടിലിനെ ഒരു ഭവന സഭയാക്കി മാറ്റി. ഒരു കാലത്ത് ഇരുണ്ടതും ശാപഗ്രസ്തവുമായിരുന്ന ഒരു സ്ഥലം ഇപ്പോള്‍ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ഇടമാണ്.

ദൈവം ഡൊവെയ്‌നിന്റെയും മുന്‍ കാസിനോയുടെയും കാര്യത്തില്‍ ചെയ്തതുപോലെ എങ്ങനെയാണ് അവന്‍ ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കും യഥാസ്ഥാപനവും സൗഖ്യവും വരുത്തുന്നത് എന്നു കാണുവാന്‍ ഈ സഭയിലെ നേതാക്കള്‍ യിരെമ്യാവ് 33 ലേക്കു നോക്കുന്നു. നഗരം ശത്രുക്കളുടെ കൈയില്‍ നിന്നും സംരക്ഷിക്കപ്പെടുകയില്ലെങ്കിലും ദൈവം തന്റെ ജനത്തെ സുഖപ്പെടുത്തുകയും ”അവരെ പുനര്‍നിര്‍മ്മിക്കുകയും” അവരുടെ പാപത്തില്‍ നിന്ന് അവരെ ശുദ്ധീകരിക്കുകയും ചെയ്യും എന്ന് പ്രവാചകനായ യിരെമ്യാവ് പ്രവാസികളായ ദൈവജനത്തോട് സംസാരിച്ചു (യിരെമ്യാവ് 33:7-8). അപ്പോള്‍ നഗരം അവന് ആനന്ദവും പ്രശംസയും മഹത്വവും ആയിരിക്കും (വാ. 9).

ഹൃദയത്തകര്‍ച്ചയും മനോവ്യഥയും വരുത്തുന്ന പാപത്തെക്കുറിച്ച് നിരാശപ്പെടാന്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍,
മാനന്‍ബെര്‍ഗിലെ ഒരു വീടിന്റെ പിന്നാമ്പുറത്തു ചെയ്തതുപോലെ, ദൈവം രോഗശാന്തിയും പ്രത്യാശയും നല്‍കട്ടെ എന്ന് നമുക്കു തുടര്‍ന്നും പ്രാര്‍ത്ഥിക്കാം.