1876-ല്‍ മധ്യ ഇന്ത്യാനായില്‍ കല്‍ക്കരിക്കുവേണ്ടി കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ തങ്ങള്‍ നരകത്തിന്റെ കവാടങ്ങള്‍ കണ്ടെത്തിയതായി കരുതി. ചരിത്രകാരനായ ജോണ്‍ ബാര്‍ലോ മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അറുന്നൂറ് അടിയില്‍, ”ഭയങ്കര ശബ്ദങ്ങള്‍ക്കൊപ്പം ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ആവിയും വമിച്ചു” എന്നാണ്. ”പിശാചിന്റെ ഗുഹയുടെ മേല്‍ക്കൂരയില്‍ തട്ടിയതായി” ഭയന്ന് ഖനിത്തൊഴിലാളികള്‍ കിണര്‍ അടച്ചുപൂട്ടി വീടുകളിലേക്ക് മടങ്ങി.
ഖനിത്തൊഴിലാളികള്‍ തീര്‍ച്ചയായും തെറ്റിദ്ധരിച്ചു – ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും തുരന്ന് സമ്പന്നമായ പ്രകൃതിവാതകം കണ്ടെത്തി. അവര്‍ തെറ്റിദ്ധരിച്ചെങ്കിലും, എനിക്ക് അവരോട് ഒരു ചെറിയ അസൂയ തോന്നുന്നു. എന്റെ ജീവിതത്തില്‍ നിന്ന് പലപ്പോഴും വിട്ടുനിന്നിരുന്ന, ആത്മീയ ലോകത്തെക്കുറിച്ചുള്ള അവബോധത്തോടെയാണ് ഈ ഖനിത്തൊഴിലാളികള്‍ ജീവിച്ചിരുന്നത്. അമാനുഷികതയും സ്വാഭാവികതയും ഒരിക്കലും കൂട്ടിമുട്ടുകയില്ല എന്നതുപോലെ ജീവിക്കുന്നത് എനിക്ക് എളുപ്പമായിരുന്നു. ഒപ്പം ”നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, … സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ’ എന്ന കാര്യം മറന്നാണു ഞാന്‍ ജീവിച്ചത് (എഫെസ്യര്‍ 6:12).
നമ്മുടെ ലോകത്ത് തിന്മ ജയിക്കുന്നത് കാണുമ്പോള്‍, നാം അതിനു കീഴ്‌പ്പെടുകയോ നമ്മുടെ സ്വന്തം ശക്തിയില്‍ പോരാടുകയോ ചെയ്യരുത്. പകരം, ”ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം” ധരിച്ച് തിന്മയെ ചെറുക്കണം (വാ. 13-18). തിരുവെഴുത്ത് പഠിക്കുക, പ്രോത്സാഹനത്തിനായി മറ്റ് വിശ്വാസികളുമായി പതിവായി കൂടിവരിക, മറ്റുള്ളവരുടെ നന്മ മനസ്സില്‍ കരുതി തിരഞ്ഞെടുപ്പുകള്‍ നടത്തുക തുടങ്ങിയവ ”പിശാചിന്റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്ക്കുവാന്‍” നമ്മെ സഹായിക്കും (വാ. 11). പരിശുദ്ധാത്മാവിനാല്‍ സജ്ജരാക്കപ്പെട്ട നമുക്ക് എന്തിന്റെ മുമ്പിലും ഉറച്ചുനില്‍ക്കാന്‍ കഴിയും (വാ. 13).
ആത്മീയ ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ അവബോധം വളര്‍ത്താന്‍ കഴിയും? പൗലൊസ് വിവരിക്കുന്ന ''സര്വ്വായുധവര്ഗ്ഗ''ത്തിന്റെ ഒരു ഭാഗം ''ധരിക്കാന്‍'' ദൈവം നിങ്ങളെ വിളിക്കുന്നുണ്ടോ? ഇന്ന് അത് എന്തായിരിക്കും?
ദൈവമേ, വിശ്വാസത്തിലും അങ്ങയുടെ ശക്തിയിലും നടക്കാനും സേവിക്കാനും എന്നെ സഹായിക്കണമേ.