എന്റെ അഭിമുഖ അതിഥി എന്റെ ചോദ്യങ്ങള്‍ക്ക് മാന്യമായി ഉത്തരം നല്‍കി. എങ്കിലും ഞങ്ങളുടെ ആശയവിനിമയത്തിന് കീഴില്‍ എന്തോ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. യാദൃച്ഛികമായ ഒരു അഭിപ്രായം അത് പുറത്തുകൊണ്ടുവന്നു.

”നിങ്ങള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു,” ഞാന്‍ പറഞ്ഞു.

”ആയിരങ്ങളല്ല,” അദ്ദേഹം പിറുപിറുത്തു. ”ദശലക്ഷക്കണക്കിന്.’

എന്റെ അജ്ഞതയോട് സഹതപിക്കുന്നതുപോലെ, എന്റെ അതിഥി അദ്ദേഹത്തിന്റെ യോഗ്യതാപത്രങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി – അദ്ദേഹത്തിന്റെ പദവികള്‍, നേടിയ കാര്യങ്ങള്‍, അദ്ദേഹം ആകര്‍ഷകമാക്കിയ മാസിക. അതൊരു വിഷമകരമായ നിമിഷമായിരുന്നു.

ആ അനുഭവത്തെത്തുടര്‍ന്ന്, സീനായി പര്‍വതത്തില്‍ ദൈവം തന്നെത്തന്നെ മോശെയ്ക്ക് വെളിപ്പെടുത്തിയത് എങ്ങനെ എന്നത് എന്നെ അത്ഭുതപ്പെടുത്തി (പുറപ്പാട് 34:5-7). പ്രപഞ്ചത്തിന്റെ സ്രഷ്ടാവും മനുഷ്യരാശിയുടെ ന്യായാധിപനുമായിരുന്നു അവന്‍, എന്നാല്‍ ദൈവം തന്റെ സ്ഥാനപ്പേരുകള്‍ ഉപയോഗിച്ചില്ല. പതിനായിരം കോടി താരാപഥങ്ങളുടെ നിര്‍മ്മാതാവ് ഇതാ, പക്ഷേ അത്തരം നേട്ടങ്ങള്‍ പരാമര്‍ശിച്ചില്ല. പകരം, ദൈവം തന്നെത്തന്നെ പരിചയപ്പെടുത്തി ”കരുണയും കൃപയുമുള്ളവന്‍; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍” (വാ. 6). അവന്‍ ആരാണെന്ന് വെളിപ്പെടുത്തുമ്പോള്‍, അത് അവന്റെ പദവികളോ നേട്ടങ്ങളോ അല്ല അവന്‍ പറയുന്നത്, മറിച്ച് അവനുണ്ടായിരുന്ന സ്വഭാവമാണ്.

ആളുകള്‍ ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെടുകയും അവന്റെ മാതൃക പിന്തുടരാന്‍ വിളിക്കപ്പെടുകയും ചെയ്തിരിക്കയാല്‍ (ഉല്പത്തി 1:27; എഫെസ്യര്‍ 5:1-2), ഇത് ഗഹനമാണ്. നേട്ടം നല്ലതാണ്, സ്ഥാനപ്പേരുകള്‍ക്ക് അവയുടെ സ്ഥാനമുണ്ട്, എന്നാല്‍ ശരിക്കും പ്രധാനം നമ്മള്‍ എത്രമാത്രം കരുണയും കൃപയും സ്‌നേഹവും ഉള്ളവരായി മാറുന്നു എന്നതാണ്.

ആ അഭിമുഖ അതിഥിയെപ്പോലെ, നമുക്കും നമ്മുടെ നേട്ടങ്ങളില്‍ നമ്മുടെ പ്രാധാന്യം അടിസ്ഥാനമാക്കാനാകും. ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വിജയം എന്താണെന്ന് നമ്മുടെ ദൈവം മാതൃക കാണിച്ചിട്ടുണ്ട് – നമ്മുടെ ബിസിനസ്സ് കാര്‍ഡുകളിലോ റസ്യൂമേകളിലോ എഴുതിയവയല്ല, മറിച്ച് നാം എങ്ങനെ അവനെപ്പോലെ ആകുന്നു എന്നതിലാണത്.