ഒരു ക്രിസ്തീയ സമ്മേളന സ്ഥലത്തെ പ്രഭാതഭക്ഷണ വരിയില്‍ ഞാന്‍ കാത്തുനില്‍ക്കുമ്പോള്‍, ഒരു കൂട്ടം സ്ത്രീകള്‍ ഡൈനിംഗ് ഹാളിലേക്ക് പ്രവേശിച്ചു. എന്റെ പുറകിലെ വരിയില്‍ കയറി നിന്ന ഒരു സ്ത്രീയോട് ഹലോ പറഞ്ഞ് ഞാന്‍ പുഞ്ചിരിച്ചു. എന്റെ അഭിവാദ്യം മടക്കിത്തന്നുകൊണ്ട് അവള്‍ പറഞ്ഞു, ”എനിക്ക് താങ്കളെ അറിയാം.” മുട്ട വിഭവം ഞങ്ങളുടെ പ്ലേറ്റുകളിലേക്ക് കോരിയിട്ടുകൊണ്ട് ഞങ്ങള്‍ എവിടെവെച്ചാണ് കണ്ടുമുട്ടിയതെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ മറ്റൊരാളായി തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി മടങ്ങിയെത്തിയപ്പോള്‍ ആ സ്ത്രീ എന്നെ സമീപിച്ചു. ”താങ്കള്‍ ഒരു വെളുത്ത കാറാണോ ഓടിക്കുന്നത്?”

ഞാന്‍ ഞെട്ടി. ‘ഞാന്‍ അങ്ങനെ ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്.’

അവള്‍ ചിരിച്ചു. ‘മിക്കവാറും എല്ലാ ദിവസവും രാവിലെ എലമെന്ററി സ്‌കൂളിനടുത്തുള്ള ട്രാഫിക് ലൈറ്റില്‍ നമ്മള്‍ ഒരേസമയം കാര്‍ നിര്‍ത്തിയിരുന്നു,” അവള്‍ പറഞ്ഞു. ”നിങ്ങള്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ പാടിക്കൊണ്ട് കൈകള്‍ ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നുവെന്ന് ഞാന്‍ കരുതി. കഠിനമായ ദിവസങ്ങളില്‍ പോലും അതില്‍ പങ്കുചേരാന്‍ അത് എന്നെ പ്രേരിപ്പിച്ചു.’

ദൈവത്തെ സ്തുതിച്ചുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു, ആലിംഗനം ചെയ്തു, ഉച്ചഭക്ഷണം ആസ്വദിച്ചു.

ആരും കാണുന്നില്ലെന്ന് നമ്മള്‍ കരുതുമ്പോഴും യേശുവിന്റെ അനുയായികള്‍ എങ്ങനെ പെരുമാറുന്നുവെന്ന് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എന്റെ പുതിയ സുഹൃത്ത് സ്ഥിരീകരിച്ചു. സന്തോഷകരമായ ആരാധനയുടെ ഒരു ജീവിതശൈലി സ്വീകരിക്കുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് സ്രഷ്ടാവിന്റെ മുമ്പാകെ വരാം. അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹവും വിശ്വസ്തതയും അംഗീകരിച്ചുകൊണ്ട് നമുക്ക് അവനുമായുള്ള അടുപ്പം ആസ്വദിക്കാനും അവന്റെ നിരന്തരമായ പരിചരണത്തിന് നന്ദി പറയാനും കഴിയും (സങ്കീര്‍ത്തനം 100). നമ്മുടെ കാറുകളില്‍ ഇരുന്നുകൊണ്ട് നാം സ്തുതിഗീതങ്ങള്‍ ആലപിക്കുകയോ, പരസ്യമായി പ്രാര്‍ത്ഥിക്കുകയോ, അല്ലെങ്കില്‍ കാരുണ്യപ്രവൃത്തികളിലൂടെ ദൈവസ്‌നേഹം പ്രചരിപ്പിക്കുകയോ എന്തുചെയ്താലും ”അവന്റെ നാമത്തെ സ്തുതിക്കാന്‍” നമുക്ക് മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയും (വാ. 4). ദൈവത്തെ ആരാധിക്കുന്നത് ഒരു ഞായറാഴ്ച രാവിലത്തെ സംഭവത്തേക്കാള്‍ വളരെയധികമായ ഒന്നാണ്.