അടുത്തയിടെ, എന്റെ കാറിന് റിപ്പയറിംഗ് ആവശ്യമായി വന്നു. വര്‍ക്ക്‌ഷോപ്പ് വളരെ അടുത്തായിരുന്നു, വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു മൈല്‍ അകലെ. അതിനാല്‍ ഞാന്‍ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. തിരക്കേറിയ റോഡരികിലൂടെ നടക്കുമ്പോള്‍, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു: എല്ലാവരും വളരെ വേഗത്തില്‍ നീങ്ങുന്നു.

ഇത് റോക്കറ്റ് ശാസ്ത്രമല്ല. കാല്‍നടയാത്രക്കാരേക്കാള്‍ വേഗത്തില്‍ കാറുകള്‍ പോകുന്നു. സിപ്പ്, സിപ്പ്, സിപ്പ്! ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടായി: അതിവേഗം സഞ്ചരിക്കുന്നതിനോടു നാം പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലായ്‌പ്പോഴും. അപ്പോള്‍ മറ്റൊരു തിരിച്ചറിവ് ഉണ്ടായി: ദൈവവും വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ പലപ്പോഴും പ്രതീക്ഷിക്കുന്നു. അവന്റെ പദ്ധതികള്‍ എന്റെ വേഗത്തിലുള്ള ടൈംടേബിളിന് അനുയോജ്യമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

യേശു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, അവന്റെ മന്ദഗതിയിലുള്ള ചലനം ചിലപ്പോള്‍ അവന്റെ സുഹൃത്തുക്കളെ നിരാശപ്പെടുത്തി. യോഹന്നാന്‍ 11-ല്‍, മറിയയും മാര്‍ത്തയും അവരുടെ സഹോദരന്‍ ലാസര്‍ രോഗിയാണെന്ന വിവരം യേശുവിനെ അറിയിച്ചു. യേശുവിന് സഹായിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു (വാ. 1-3). എന്നാല്‍ ലാസര്‍ മരിച്ച് നാലുദിവസത്തിനുശേഷമാണ് അവന്‍ വന്നത് (വാ. 17). മാര്‍ത്ത യേശുവിനോട്: ‘കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു (വാ. 21). തര്‍ജ്ജം: യേശു വേണ്ടത്ര വേഗത്തില്‍ നീങ്ങിയില്ല. എന്നാല്‍ ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുക എന്ന വലിയ പദ്ധതി അവനുണ്ടായിരുന്നു (വാ. 38-44).

മാര്‍ത്തയുടെ നിരാശയുമായി നിങ്ങള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നോ? എനിക്ക് തോന്നുന്നു. ചില സമയങ്ങളില്‍, ഒരു പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ യേശു കൂടുതല്‍ വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍, അവന്‍ വൈകിപ്പോയെന്ന് തോന്നുന്നു. എന്നാല്‍ യേശുവിന്റെ പരമാധികാര പ്രവര്‍ത്തന പട്ടിക നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. തന്റെ ടൈംടേബിളിന്‍ പ്രകാരമാണ് അവന്‍ തന്റെ രക്ഷിപ്പിന്‍ വേല നിര്‍വഹിക്കുന്നത്, നമ്മുടെ ടൈംടേബിള്‍ അനുസരിച്ചല്ല. ആത്യന്തിക ഫലം അവിടുത്തെ മഹത്വവും നമ്മുടെ പദ്ധതികളേക്കാള്‍ എത്രയോ വലുതായിട്ടുള്ള വിധത്തില്‍ നന്മയും വെളിപ്പെടുത്തുന്നതായിരിക്കും.