റോക്കി പര്‍വതനിരകള്‍ക്കും ഞങ്ങളുടെ വാര്‍ഷിക മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ട പടിഞ്ഞാറന്‍ യുഎസിലെ കൊളറാഡോയിലാണ് ഞാന്‍ താമസിക്കുന്നത്. എന്നിട്ടും എന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് മഴയുമായിട്ടല്ലാതെ മഞ്ഞുവീഴ്ചയുമായി യാതൊരു ബന്ധവുമില്ല. 1976 ജൂലൈ 31 ലെ ബിഗ് തോംസണ്‍ വെള്ളപ്പൊക്കം റിസോര്‍ട്ട് പട്ടണമായ എസ്റ്റസ് പാര്‍ക്കിന് ചുറ്റുമാണു സംഭവിച്ചത്. ഒടുവില്‍ വെള്ളമിറങ്ങിയപ്പോള്‍ ആകെ മരണം 144 ആയിരുന്നു, കൂടാതെ കന്നുകാലികളും. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത്, പ്രത്യേകിച്ചും റോഡുകളുടെയും ദേശീയപാതകളുടെയും അടിത്തറയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നു. കൊടുങ്കാറ്റിന്റെ നടുവിലും ഉറപ്പോടെ നിന്ന റോഡുകളുടെ മതിലുകള്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതിയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവയ്ക്ക് ഉറപ്പുള്ളതും ശക്തമായതുമായ ഒരു അടിത്തറയുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലെ ചോദ്യം പ്രളയം വരുമോ എന്നതല്ല മറിച്ച് എപ്പോള്‍ എന്നതാണ്. ചിലപ്പോള്‍ നമുക്കു മുന്നറിയിപ്പു ലഭിക്കും, പക്ഷേ സാധാരണയായി ലഭിക്കാറില്ല. അത്തരം സമയങ്ങളില്‍ ഉണ്ടായിരിക്കേണ്ട ശക്തമായ ഒരു അടിത്തറയെക്കുറിച്ച് യേശു ഊന്നിപ്പറയുന്നു – അവന്റെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, സുവിശേഷമനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണത് (ലൂക്കൊസ് 6:47). ആ പരിശീലനം ഏതാണ്ട് നമ്മുടെ ജീവിതത്തിലേക്ക് കോണ്‍ക്രീറ്റ് പകരുന്നതുപോലെയാണ്. പ്രളയം വരുമ്പോള്‍, അവ വരും, നമുക്ക് അതിനെതിരെ ഉറച്ചുനില്‍ക്കാന്‍ കഴിയും, കാരണം നാം ‘ഉറപ്പായി പണിതു’ (വാ. 48). പരിശീലനത്തിന്റെ അഭാവം നമ്മുടെ ജീവിതത്തെ തകര്‍ച്ചയ്ക്കും നാശത്തിനും ഇരയാക്കുന്നു (വാ. 49). ബുദ്ധിമാനും ഭോഷനും തമ്മിലുള്ള വ്യത്യാസമാണിത്.

ഇടയ്ക്കിടെ താല്‍ക്കാലികമായി നിര്‍ത്തുകയും കുറച്ച് അടിസ്ഥാന വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. പ്രളയം വരുമ്പോള്‍ അവന്റെ ശക്തിയില്‍ നാം ശക്തമായി നിലകൊള്ളത്തക്കവിധം ദുര്‍ബ്ബലമായ സ്ഥലങ്ങളെ ശക്തിപ്പെടുത്താന്‍ യേശു നമ്മെ സഹായിക്കും.