ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഗോളം വീഴുന്നു. ബിഗ് ബെന്നിന്റെ മണിനാദം ആള്‍ക്കൂട്ടം ശ്രദ്ധിക്കുന്നു. സിഡ്നി ഹാര്‍ബര്‍ കരിമരുന്നു പ്രയോഗത്താല്‍ വര്‍ണ്ണാഭമാകുന്നു. ഏതു നിലയില്‍ നിങ്ങളുടെ നഗരം അത് അടയാളപ്പെടുത്തിയാലും ഒരു പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതും അതു കൊണ്ടുവരുന്ന പുതിയ തുടക്കവും ആവേശകരമായ ഒന്നാണ്. പുതുവത്സര ദിനത്തില്‍ നാം പുതിയ മേഖലകളിലേക്ക് പുറപ്പെടുന്നു. എന്തെല്ലാം സൗഹൃദങ്ങളും അവസരങ്ങളും നാം കണ്ടെത്തിയേക്കാം?

അതിന്റെ എല്ലാ ആവേശത്തിനു നടുവിലും, ഒരു പുതുവര്‍ഷം അസ്വസ്ഥജനകമായേക്കാം. നമ്മില്‍ ആര്‍ക്കും ഭാവിയെക്കുറിച്ചോ അത് എന്തെല്ലാം കൊടുങ്കാറ്റുകളാണ് കാത്തുവെച്ചിരിക്കുന്നതെന്നോ അറിയില്ല. അനേക പുതുവത്സര പാരമ്പര്യങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു: ദുരാത്മാക്കളെ അകറ്റാനും പുതിയ സീസണ്‍ സമൃദ്ധമാക്കാനുമാണ് ചൈനയില്‍ വെടിക്കെട്ട് കണ്ടുപിടിച്ചതെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനു ബാബിലോന്യര്‍ ചെയ്തിരുന്ന നേര്‍ച്ചകളിലാണ് പുതുവത്സര തീരുമാനങ്ങളുടെ തുടക്കം. അജ്ഞാതമായ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നില്‍.

അവര്‍ നേര്‍ച്ചകള്‍ നേരാത്തപ്പോള്‍, ബാബിലോണിയക്കാര്‍ യിസ്രായേല്‍ ഉള്‍പ്പെടെയുള്ള ആളുകളെ കീഴടക്കുന്ന തിരക്കിലായിരുന്നു. കാലക്രമേണ ദൈവം അടിമകളായ യെഹൂദന്മാര്‍ക്ക് ഈ സന്ദേശം അയച്ചു: ”ഭയപ്പെടേണ്ട. . . . നീ വെളളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും’ (യെശയ്യാവ് 43:1-2). പിന്നീട്, യേശുവും ശിഷ്യന്മാരും കയറിയ പടക് അക്രമാസക്തമായ കൊടുങ്കാറ്റില്‍ പെട്ടപ്പോള്‍ സമാനമായ ഒരു കാര്യം യേശു പറഞ്ഞു. ”നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്ത്?” കടലിനോട് ശാന്തമാകാന്‍ കല്‍പിക്കുന്നതിനുമുമ്പ് അവന്‍ അവരോടു പറഞ്ഞു (മത്തായി 8:23-27).

ഇന്ന് നമ്മള്‍ കരയില്‍ നിന്ന് പുതിയതും അറിയപ്പെടാത്തതുമായ വെള്ളത്തിലേക്ക് നീങ്ങുകയാണ്. നാം അഭിമുഖീകരിക്കുന്നതെന്തു തന്നെയായാലും, അവന്‍ നമ്മോടൊപ്പമുണ്ട് – തിരമാലകളെ ശാന്തമാക്കാനുള്ള ശക്തിയും അവനുണ്ട്.