ചാള്‍സ് സിമിയോണ്‍ (1759-1836) ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ അമ്പത് വര്‍ഷത്തെ ശുശ്രൂഷയുടെ തുടക്കത്തില്‍, ഒരു അയല്‍ പാസ്റ്ററായ ഹെന്റി വെന്നിനെയും പെണ്മക്കളെയും കണ്ടുമുട്ടി. സന്ദര്‍ശനത്തിനുശേഷം, ആ ചെറുപ്പക്കാരന് എത്രമാത്രം പരുക്കനും തന്നെക്കുറിച്ചുതന്നെ മതിപ്പുള്ളവനുമാണ് എന്ന് പെണ്മക്കള് അഭിപ്രായപ്പെട്ടു. മറുപടിയായി, പീച്ച് മരങ്ങളില്‍ നിന്ന് ഒരു പീച്ച് പറിക്കാന്‍ വെന്‍ തന്റെ പെണ്മക്കളോട് ആവശ്യപ്പെട്ടു. പിതാവ് എന്തിനാണ് പഴുക്കാത്ത ഫലം ആഗ്രഹിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു, ”ശരി, എന്റെ പ്രിയ മക്കളേ, അതിപ്പോള്‍ പച്ചയാണ്, നമ്മള് കാത്തിരിക്കണം; എന്നാല്‍ കുറച്ചുകൂടി വെയിലും കുറച്ച് മഴയും കിട്ടിക്കഴിയുമ്പോള്‍ പീച്ച് പഴുത്തതും മധുരമുള്ളതുമായിരിക്കും. മിസ്റ്റര്‍ സിമിയോണിന്റെ കാര്യത്തിലും അങ്ങനെ തന്നെ.’
കാലക്രമേണ സിമിയോണ്‍ ദൈവത്തിന്റെ രൂപാന്തരപ്പെടുത്തുന്ന കൃപയിലൂടെ മയപ്പെട്ടു. എല്ലാ ദിവസവും ബൈബിള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയായിരുന്നു ഒരു കാരണം. രണ്ടുമാസം അദ്ദേഹത്തോടൊപ്പം താമസിച്ച ഒരു സുഹൃത്ത് ഈ ശീലത്തിന് സാക്ഷ്യം വഹിച്ചു, ”അദ്ദേഹത്തിന്റെ മഹത്തായ കൃപയുടെയും ആത്മീയ ശക്തിയുടെയും രഹസ്യം ഇതാ.”
സിമിയോണ്‍ ദൈവവുമായുള്ള ദൈനംദിന ജീവിതത്തില്‍, ദൈവവചനങ്ങള്‍ വിശ്വസ്തതയോടെ ശ്രദ്ധിച്ച യിരെമ്യാ പ്രവാചകന്റെ രീതി പിന്തുടര്ന്നു. യിരെമ്യാവ് അവയില്‍ വളരെയധികം ആശ്രയിച്ചതിനാല്‍ അവന് ഇപ്രകാരം പറഞ്ഞു, ”ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു.” അവന് ദൈവവചനങ്ങളെ ചവച്ചരച്ചു ഭക്ഷിച്ചു, അതവന്റെ ”സന്തോഷവും” ”ഹൃദയത്തിന്റെ ആനന്ദവും” ആയി (യിരെമ്യാവ് 15:16).
നാമും പുളിയുള്ള പച്ച ഫലത്തോടു സാമ്യമുള്ളവരാണെങ്കില്‍, തിരുവെഴുത്തുകള്‍ വായിക്കുന്നതിലൂടെയും അനുസരിക്കുന്നതിലൂടെയും അവനെ അറിയുമ്പോള്‍ അവന്റെ ആത്മാവിലൂടെ നമ്മെ മയപ്പെടുത്താന്‍ ദൈവം സഹായിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
ബൈബിള്‍ വായന നിങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്തി? എന്തുകൊണ്ടാണ് നിങ്ങള്‍ ചിലപ്പോഴൊക്കെ ഇത് വീണ്ടും വായിക്കാത്തത്?
ദൈവമേ, തിരുവെഴുത്തുകള്‍ എന്നെ പോഷിപ്പിക്കുകയും പാപത്തില്‍ നിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും അവ വായിക്കാന്‍ എന്നെ സഹായിക്കണമേ.