”ദൈവം എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കറിയാം,” ഞങ്ങളുടെ നാലുവയസ്സുള്ള കൊച്ചുമകന്‍എന്റെ ഭാര്യ കാരിയോട് പറഞ്ഞു. ‘അത് എവിടെയാണ്?” അവള് വര്‍ദ്ധിച്ച ജിജ്ഞാസയോടെ ചോദിച്ചു. ”നിങ്ങളുടെ വീടിനടുത്തുള്ള കാട്ടിലാണ് ദൈവം താമസിക്കുന്നത്,” അവന് മറുപടി പറഞ്ഞു.
അവരുടെ സംഭാഷണത്തെക്കുറിച്ച് കാരി എന്നോട് പറഞ്ഞപ്പോള്‍, അവന്റെ ചിന്തയെ പ്രേരിപ്പിച്ചതെന്താണെന്ന് അവള് അത്ഭുതപ്പെട്ടു. ”എനിക്കറിയാം,” ഞാന്‍ പ്രതിവചിച്ചു. ”അവന് കഴിഞ്ഞ പ്രാവശ്യം നമ്മളെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ കാട്ടില്‍ നടക്കാന്‍ പോയിരുന്നു. ഞാന്‍ അവനോട് പറഞ്ഞു, ‘നമുക്ക് ദൈവത്തെ കാണാന്‍ കഴിയില്ലെങ്കിലും, അവന് ചെയ്ത കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.” ”ഞാന്‍ ഉണ്ടാക്കുന്ന കാല്‍പ്പാടുകള്‍ നീ കാണുന്നുണ്ടോ?” ഞങ്ങള്‍ നദിക്കരയിലെ മണല്‍പ്പരപ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ എന്റെ കൊച്ചുമകനോട് ചോദിച്ചു. ”മൃഗങ്ങളും വൃക്ഷങ്ങളും നദിയും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പോലെയാണ്. അവന് ഇവിടെ ഉണ്ടായിരുന്നതായി നമുക്കറിയാം, കാരണം അവന് സൃഷ്ടിച്ച കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.’
104-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് സൃഷ്ടിയില്‍ ദൈവത്തിനുള്ള തെളിവുകള്‍ ചൂണ്ടിക്കാണിച്ചു, ”യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല് നിറഞ്ഞിരിക്കുന്നു’ (വാ. 24). ഇവിടെ കാണുന്ന ജ്ഞാനത്തിനുള്ള എബ്രായ പദം, സമര്‍ത്ഥമായ കരകൗശലത്തെ വിവരിക്കാന്‍ ബൈബിളില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ്. പ്രകൃതിയിലെ ദൈവത്തിന്റെ കരകൗശലം അവന്റെ സാന്നിധ്യത്തെ പ്രഖ്യാപിക്കുകയും അവനെ സ്തുതിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
104-ാം സങ്കീര്‍ത്തനം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ഈ വാക്കുകളോടെയാണ്: ”യഹോവയെ സ്തുതിപ്പിന്’ (വാ. 1, 35). ഒരു കുഞ്ഞിന്റെ കൈ മുതല്‍ കഴുകന്റെ കണ്ണ് വരെ, നമുക്ക് ചുറ്റുമുള്ള നമ്മുടെ സ്രഷ്ടാവിന്റെ കലാപരമായ കഴിവ് അവന്റെ പൂര്‍ണ്ണമായ അഗാധമായ നൈപുണ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന് നമുക്ക് ഇതെല്ലാം അത്ഭുതത്തോടെ കാണുകയും അതിനായി അവനെ സ്തുതിക്കുകയും ചെയ്യാം!
സൃഷ്ടിയില്‍ ദൈവത്തിന്റെ കരകൗശലം എവിടെയാണ് നിങ്ങള്‍ കാണുന്നത്? ഇന്ന് ആര്‍ക്കെങ്കിലും അവയെ - അവനെയും - ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും?
ദൈവമേ, നീ ഉണ്ടാക്കിയ എല്ലാറ്റിനുവേണ്ടിയും ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഇന്ന് അങ്ങയുടെ ജ്ഞാനത്തെയും നന്മയെയും അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ടു ജീവിക്കാന്‍ എന്നെ സഹായിക്കണമേ.