1994 ല്‍, ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിന് (വംശീയ വേര്‍തിരിവ്) അറുതി വരുത്തി ജനാധിപത്യത്തിലേക്ക് സര്‍ക്കാര്‍ വഴിമാറിയപ്പോള്‍, വര്‍ണ്ണവിവേചനത്തിന് കീഴില്‍ ചെയ്ത കുറ്റകൃത്യങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന വിഷമകരമായ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നു. രാജ്യത്തെ നേതാക്കള്‍ക്ക് ഭൂതകാലത്തെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല, എങ്കിലും കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കുന്നത് രാജ്യത്തിന്റെ മുറിവുകളെ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളു. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പായ ഡെസ്മണ്ട് ടുട്ടു തന്റെ ‘നോ ഫ്യൂച്ചര്‍ വിത്തൗട്ട് ഫോര്‍ഗീവ്നെസ്സ്’ (മാപ്പു നല്‍കാതെ ഒരു ഭാവിയില്ല) എന്ന പുസ്തകത്തില്‍ വിശദീകരിച്ചതുപോലെ, ”ഞങ്ങള്‍ക്ക് നീതി ലഭിക്കുമായിരുന്നു, നീതി നേടാമായിരുന്നു, പക്ഷേ ദക്ഷിണാഫ്രിക്ക ചാരത്തില്‍ തന്നെ കിടക്കുമായിരുന്നു.”
ട്രൂത്ത് ആന്‍ഡ് റിക്കണ്സിലിയേഷന് കമ്മറ്റി സ്ഥാപിച്ചതിലൂടെ, സത്യം, നീതി, കരുണ എന്നിവ പിന്തുടരാനുള്ള പ്രയാസകരമായ പാത പുതിയ ജനാധിപത്യം തിരഞ്ഞെടുത്തു. കുറ്റവാളികള്‍ക്ക് യഥാസ്ഥാപനത്തിനുള്ള ഒരു വഴി വാഗ്ദാനം ചെയ്തു – അവര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റുപറയാനും പരിഹാരം വരുത്താനും തയ്യാറാണെങ്കില്‍. ധൈര്യത്തോടെ സത്യത്തെ അഭിമുഖീകരിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സൗഖ്യം കണ്ടെത്താന്‍ കഴിയൂ.
ഒരു തരത്തില്‍ പറഞ്ഞാല്‍, നാമെല്ലാവരും അഭിമുഖീകരിക്കുന്ന പോരാട്ടത്തെ ദക്ഷിണാഫ്രിക്കയുടെ ധര്‍മ്മസങ്കടം പ്രതിഫലിപ്പിക്കുന്നു. നീതിയെയും കരുണയെയും ഒരേസമയം പിന്തുടരാന് നാം വിളിക്കപ്പെട്ടിരിക്കുന്നു (6:8), എങ്കിലും കരുണ പലപ്പോഴും ഉത്തരവാദിത്വമേല്‍ക്കാനുള്ള വിമുഖതയുടെ ലക്ഷണമായി കണക്കാക്കപ്പെടാറുണ്ട്. അതുപോലെ നീതിയെ ആവശ്യപ്പെടുന്നതു പ്രതികാരത്തിന്റെ വളച്ചൊടിക്കപ്പെട്ട രൂപമായും.
”തിന്മയെ വെറുക്കുന്നതും” (റോമര്‍ 12:9) നമ്മുടെ ”അയല്ക്കാരന്റെ” രൂപാന്തരത്തിനും നന്മയ്ക്കും വേണ്ടി വാഞ്ഛിക്കുന്നതുമായ (13:10) ഒരു സ്നേഹമാണ് നമ്മുടെ മുന്നോട്ടുള്ള ഏക പാത. ക്രിസ്തുവിന്റെ ആത്മാവിന്റെ ശക്തിയിലൂടെ, നന്മയാല് തിന്മയെ ജയിക്കുന്ന ഒരു ഭാവി ഉണ്ടായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്ന് നമുക്ക് പഠിക്കാന്‍ കഴിയും (12:21).
അനീതി പ്രാപ്തമാക്കുന്നതിന് കരുണയുടെയും കൃപയുടെയും ലക്ഷ്യം വളച്ചൊടിച്ചതായി തോന്നിയ സമയങ്ങള്‍ക്ക് നിങ്ങള്‍ എപ്പോഴാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്? നീതിയും കരുണയും യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ എപ്പോഴാണ് കണ്ടത്?
സ്നേഹവാനായ ദൈവമേ, എനിക്ക് ചുറ്റുമുള്ള വേദനയും അനീതിയും എന്റെ ഹൃദയത്തെ തകര്‍ക്കുമ്പോള്‍, രൂപാന്തരപ്പെടാനും സുഖപ്പെടുത്താനുമുള്ള അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ഇപ്പോഴും വിശ്വസിക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങയുടെ നീതി, കരുണ, സ്നേഹം എന്നിവയിലേക്കുള്ള ഒരു ചൂണ്ടുപലകയായി എന്റെ ജീവിതത്തെ മാറ്റാന്‍ എന്നെ സഹായിക്കണമേ.