മനോഹരമായ ദിവസം ആസ്വദിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാന്‍ നടക്കാനിറങ്ങി, താമസിയാതെ ഒരു പുതിയ അയല്‍ക്കാരനെ കണ്ടു. അയാള്‍ എന്നെ തടഞ്ഞുനിര്‍ത്തി സ്വയം പരിചയപ്പെടുത്തി: ‘എന്റെ പേര് ജനസിസ്, എനിക്ക് ആറര വയസ്സായി.”
‘ജനസിസ് ഒരുഗ്രന്‍ പേരാണ്! അത് ബൈബിളിലെ ഒരു പുസ്തകമാണ്,” ഞാന്‍ മറുപടി നല്കി.
‘എന്താണു ബൈബിള്‍?” അവന് ചോദിച്ചു.
‘ദൈവം ലോകത്തെയും മനുഷ്യരെയും എങ്ങനെ സൃഷ്ടിച്ചു, അവന് നമ്മെ എങ്ങനെ സ്നേഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദൈവത്തിന്റെ കഥാപുസ്തകമാണത്.”
അവന്റെ ജിജ്ഞാസയോടെയുള്ള പ്രതികരണം കേട്ടു ഞാന്‍ പുഞ്ചിരിച്ചു: ‘എന്തുകൊണ്ടാണ് അവന് ലോകത്തെയും ആളുകളെയും കാറുകളെയും വീടുകളെയും സൃഷ്ടിച്ചത്? എന്റെ പടം അവന്റെ പുസ്തകത്തിലുണ്ടോ?”
എന്റെ പുതിയ സുഹൃത്തായ ജനസിസിന്റെയോ നമ്മുടെയോ അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ചിത്രം തിരുവെഴുത്തുകളില്‍ ഇല്ലെങ്കിലും, നമ്മള് ദൈവത്തിന്റെ കഥാപുസ്തകത്തിന്റെ വലിയ ഭാഗമാണ്. ഉല്പത്തി 1 ല്‍ ‘ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു” (വാ. 27) എന്നു നാം കാണുന്നു. ദൈവം അവരോടൊപ്പം തോട്ടത്തില്‍ നടന്നു, തുടര്‍ന്ന് അവരുടെ സ്വന്തം ദൈവമാകാനുള്ള പ്രലോഭനത്തിന് വഴങ്ങരുതെന്ന് മുന്നറിയിപ്പ് നല്കി (അധ്യായം 3). പിന്നീട് തന്റെ സ്നേഹത്തില്‍, അവന്റെ പുത്രനായ യേശു വീണ്ടും നമ്മോടൊപ്പം നടക്കാന്‍ വന്നതിനെക്കുറിച്ചും നമ്മുടെ പാപമോചനത്തിനും അവന്റെ സൃഷ്ടിയുടെ പുനഃസ്ഥാപനത്തിനുമായി ഒരു പദ്ധതി കൊണ്ടുവന്നതിനെക്കുറിച്ചും ദൈവം തന്റെ പുസ്തകത്തില്‍ പറഞ്ഞു.
നാം ബൈബിളിലേക്കു നോക്കുമ്പോള്‍, നാം അവനെ അറിയാനും അവനുമായി സംസാരിക്കാനും നമ്മുടെ ചോദ്യങ്ങള്‍ അവനോട് ചോദിക്കാനും നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. നമുക്ക് സങ്കല്പിക്കാവുന്നതിലുമധികം അവന് നമ്മെ കരുതുന്നു.
ദൈവത്തിന്റെ കഥയില്‍ നിങ്ങള്‍ നിങ്ങളെ എവിടെയാണു കാണുന്നത്? ഏതു വിധത്തിലാണു നിങ്ങള്‍ അവന്റെ കൂട്ടായ്മ അനുഭവിക്കുന്നത്?
സ്നേഹവാനായ ദൈവമേ, എന്നെ അങ്ങയുടെ കഥയുടെ ഭാഗമാക്കിയതിനു നന്ദി! അങ്ങ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാന്‍ അങ്ങയെയും മറ്റുള്ളവരെയും സ്നേഹിക്കട്ടെ.