വടക്കേ അമേരിക്കയിലെ കഠിനമായ സോനോറന്‍ മരുഭൂമിയില്‍, രാത്രി വൈകി, പതിഞ്ഞതും എന്നാല്‍ ഗാംഭീര്യമുള്ളതുമായ അലര്‍ച്ച ചിലപ്പോഴൊക്കെ കേള്‍ക്കാം. പക്ഷേ, ശബ്ദത്തിന്റെ ഉറവിടം നിങ്ങള്‍ സംശയിക്കുന്നതേയല്ല – ചെറുതും എന്നാല്‍ ശക്തിയുള്ളതുമായ പുല്‍ച്ചാടി എലി, അതിന്റെ അധീശപ്രദേശം സ്ഥാപിക്കാനായി ചന്ദ്രനെ നോക്കി അലറുന്നതാണത്.

ഈ സവിശേഷ എലി (‘വേര്‍വൂള്‍ഫ് മൗസ്’ എന്ന് വിളിക്കപ്പെടുന്നു) മാംസഭോജിയാണ്. വാസ്തവത്തില്‍, തേളിനെപ്പോലെ, മറ്റു ജീവികള്‍ ഭക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ജീവികളെയാണ് ഇത് ഇരയാക്കുന്നത്. എന്നാല്‍ ആ പ്രത്യേക യുദ്ധത്തിന് വേര്‍വൂള്‍ഫ് മൗസ് പ്രത്യേകമായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇതിന് തേളിന്റെ വിഷത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കളെ വേദനസംഹാരിയാക്കി മാറ്റുവാനും കഴിയും!

അതികഠിനമേറിയ ജീവിതസാഹചര്യത്തോട് ഒത്തിണങ്ങിപ്പോകുവാനും പുരോഗമിക്കുവാനും അനുയോജ്യമായി നിര്‍മ്മിച്ചതായിത്തോന്നുന്ന ഈ കുഞ്ഞെലിയുടെ രീതിയില്‍ നമ്മെ പ്രചോദിപ്പിക്കുന്ന ചിലതുണ്ട്. അത്തരത്തിലുള്ള അത്ഭുതകരമായ കരകൗശലം, തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പനകളിലും തെളിയുന്നതായി എഫെസ്യര്‍ 2:10 ല്‍ പൗലൊസ് വിശദീകരിക്കുന്നു. നാം ഓരോരുത്തരും യേശുവിലുള്ള ‘ദൈവത്തിന്റെ കൈപ്പണി’ ആണ്, അവിടുത്തെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ അതുല്യമാംവിധം നമ്മെ സജ്ജീകരിച്ചിരിക്കുന്നു. ദൈവം നിങ്ങള്‍ക്കു നല്‍കിയ താലന്തുകള്‍ എന്തായിരുന്നാലും, വാഗ്ദാനം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ ധാരാളമുണ്ട്. ദൈവം നിങ്ങളെ ആരാക്കി എന്നതു നിങ്ങള്‍ ആത്മവിശ്വാസത്തോടെ സ്വീകരിക്കുമ്പോള്‍, ദൈവത്തിലുള്ള ജീവിതത്തിന്റെ പ്രത്യാശയ്ക്കും സന്തോഷത്തിനും നിങ്ങള്‍ ജീവനുള്ള സാക്ഷിയായിത്തീരും. 

അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്നത് ഏറ്റവും ഭയാനകമായതായിരുന്നാലും ധൈര്യപ്പെടുക. നിങ്ങള്‍ക്ക് ചെറുതായിത്തോന്നാം, പക്ഷേ ആത്മാവിന്റെ ദാനത്തിലൂടെയും ശക്തിയിലൂടെയും ദൈവത്തിന് നിങ്ങളെ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ കഴിയും.