എന്റെ വീട്ടില്‍ നിന്നു നൂറുകണക്കിനു മൈലുകള്‍ അകലെയുള്ള ഒരു കാന്‍സര്‍ സെന്ററില്‍ എന്റെ അമ്മയെ പരിചരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആളുകളോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒറ്റപ്പെടലും ഏകാന്തതയും എന്റെ ശക്തി ക്ഷയിപ്പിച്ചു. ശാരീരികവും മാനസികവും വൈകാരികവുമായ തളര്‍ച്ചയ്ക്കു ഞാന്‍ അടിമപ്പെട്ടുപോയാല്‍, എനിക്ക് എങ്ങനെ എന്റെ അമ്മയെ ശുശ്രൂഷിക്കാനാവും?
ഒരു ദിവസം, ഒരു സ്‌നേഹിത എനിക്ക് അപ്രതീക്ഷിതമായി ഒരു സമ്മാനപ്പൊതി അയച്ചു. ആളുകള്‍ ഞങ്ങള്‍ക്ക് വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന ഹൃദ്യമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ഒരു പര്‍പ്പിള്‍ പ്രേയര്‍ ഷാള്‍ ആണ് എന്റെ സനേഹിത അയച്ചത്. മൃദുവായ നൂല്‍ എന്റെ ചുമലില്‍ ചുറ്റിക്കിടക്കുമ്പോഴെല്ലാം, തന്റെ ജനത്തിന്റെ പ്രാര്‍ത്ഥന ഉപയോഗിച്ച് ദൈവം എന്നെ ആലിംഗനം ചെയ്യുന്നതായി എനിക്കു തോന്നി. വര്‍ഷങ്ങള്‍ക്കുശേഷവും, എന്നെ ആശ്വസിപ്പിക്കാനും എന്റെ തീരുമാനങ്ങളെ ശക്തിപ്പെടുത്താനും ദൈവം ഇപ്പോഴും ആ പര്‍പ്പിള്‍ ഷാള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ ആത്മപ്രചോദിതമായ പ്രാധാന്യതയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് സ്ഥിരീകരിച്ചു. തന്റെ യാത്രാവേളകളില്‍ ആവശ്യമായിരിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമായുള്ള വികാരനിര്‍ഭരമായ അഭ്യര്‍ത്ഥനയിലൂടെ, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ ശുശ്രൂഷയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു പൗലൊസ് തെളിയിച്ചു (റോമര്‍ 15:30). പ്രത്യേകമായ പ്രാര്‍ത്ഥനാ അപേക്ഷകള്‍ നല്‍കിക്കൊണ്ട്, താന്‍ സഹവിശ്വാസികളുടെ പിന്തുണയെ ആശ്രയിക്കുന്നുവെന്നു മാത്രമല്ല, ദൈവം പ്രാര്‍ത്ഥനയ്ക്കു ശക്തമായി ഉത്തരം നല്‍കുന്നുവെന്ന തന്റെ വിശ്വാസവും അപ്പൊസ്തലന്‍ വെളിപ്പെടുത്തി (വാ. 31-33).
നമുക്കെല്ലാവര്‍ക്കും ഏകരായി തോന്നുന്ന ദിവസങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ത്തനെ എങ്ങനെ നമുക്കുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിക്കാമെന്നും പൗലൊസ് നമുക്കു കാണിച്ചുതരുന്നു. ദൈവജനത്തിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നമ്മെ പൊതിയുമ്പോള്‍, ജീവിതം നമ്മെ എവിടേക്കു നയിച്ചാലും, നമുക്കു ദൈവത്തിന്റെ ശക്തിയും ആശ്വാസവും അനുഭവിക്കാന്‍ കഴിയും.
മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ദൈവം ആരെയാണ് ഉപയോഗിച്ചത്? ഇന്നു നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്?
സ്നേഹവാനായ ദൈവമേ, എനിക്കുവേണ്ടി മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ ഒരുക്കിയതിനും ഞാന്‍ പോകുന്നിടത്തെല്ലാം അങ്ങ് എന്നെ കേള്‍ക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഉറപ്പുനല്‍കിയതിനും നന്ദി.
മലകളെ മാറ്റുക: നിരന്തരമായ പ്രാര്‍ത്ഥനയുടെ പരിശീലനം വായിക്കുക: DiscoverySeries.org/Q0740.