‘ദൈവം കരയുന്നു.” വിവിധ ജാതികളില്‍നിന്നുള്ള ഒരു കൂട്ടം ക്രിസ്തുവിശ്വാസികള്‍ക്കൊപ്പം മഴയത്തു നില്ക്കുമ്പോള് ബില്‍ ഹാലിയുടെ പത്തുവയസ്സുള്ള മകള്‍ മന്ത്രിച്ച വാക്കുകള്‍ ആയിരുന്നു അവ. ദൈവത്തെ അന്വേഷിക്കാനും അമേരിക്കയിലെ വംശീയവിയോജിപ്പിന്റെ പാരമ്പര്യത്തെക്കുറിച്ചു മനസ്സിലാക്കാനും എത്തിയതായിരുന്നു അവര്‍. മുന്‍ അടിമകളെ അടക്കം ചെയ്ത സ്ഥലത്ത് അവര്‍ നില്ക്കുമ്പോള്, അവര്‍ കൈകോര്‍ത്തു നിന്നു പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് കാറ്റു വീശാനും മഴ പെയ്യാനും തുടങ്ങി. വംശീയവിഭജനം സൗഖ്യമാകുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്കു നേതാവ് ആഹ്വാനം ചെയ്തപ്പോള്‍, മഴ ശക്തിയാര്‍ജ്ജിച്ചു. അനുരഞ്ജനവും പാപമോചനവും നല്കാന് ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന് ഒത്തുകൂടിയവര്‍ വിശ്വസിച്ചു.
കാല്‍വരിയിലും അങ്ങനെ സംഭവിച്ചു – ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. ക്രൂശിക്കപ്പെട്ട യേശു അന്ത്യശ്വാസം വലിച്ചപ്പോള്‍, ‘ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു’ (മത്തായി 27:52). യേശു ആരാണെന്ന് ചിലര്‍ നിഷേധിച്ചെങ്കിലും, അവനു കാവല്നില്ക്കാന് നിയോഗിക്കപ്പെട്ട ഒരു ശതാധിപന് മറ്റൊരു നിഗമനത്തിലെത്തി: ‘ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചത് കണ്ടിട്ട്: അവന് ദൈവപുത്രന് ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു’ (വാ. 54).
യേശുവിന്റെ മരണത്തില്‍, തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പാപമോചനം നല്‍കിക്കൊണ്ട് ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. ‘ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു’ (2 കൊരിന്ത്യര്‍ 5:19). ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചുവെന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം പരസ്പരം പാപങ്ങളെ ക്ഷമിക്കുന്നതല്ലാതെ മറ്റെന്താണ്?
ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പാപമോചനം മറ്റുള്ളവരുമായി, നിങ്ങളില്‍ നിന്നു വ്യത്യസ്തരായവരുമായിപ്പോലും, ഏതെല്ലാം വിധത്തിലാണു നിങ്ങള്‍ പങ്കുവച്ചിട്ടുള്ളത്? യേശുവിന്റെ മരണത്തിലൂടെ നിങ്ങള്‍ക്കു ദൈവത്തില്‍ നിന്നു പാപമോചനം ലഭിച്ചിട്ടില്ലെങ്കില്‍, ഇന്ന് അങ്ങനെ ചെയ്യുന്നതില്‍നിന്നു നിങ്ങളെ തടയുന്നതെന്താണ്?
പിതാവേ, എനിക്കു പാപക്ഷമ ലഭിക്കുന്നതിനുവേണ്ടി യേശുവിനെ അയയ്ക്കത്തക്കവിധം ലോകത്തെ അത്രയ്ക്കു സ്നേഹിച്ചതിനു നന്ദി! അങ്ങ് യേശുവിനെ അയച്ചതിനാല്‍ എനിക്കു ക്ഷമിക്കാനാകും. എന്റെ ജീവിത രീതിയിലൂടെ മറ്റുള്ളവര്‍ക്കു പാപമോചനം വെളിപ്പെടുത്തുവാന്‍ എന്നെ സഹായിക്കണമേ.