1893 ഒക്ടോബറിലെ ചിക്കാഗോ ദിനത്തില്‍, എല്ലാവരും ലോകമേളയില്‍ പങ്കെടുക്കുവാന്‍ പോകുമെന്നു കരുതി നഗരത്തിലെ തിയറ്ററുകള്‍ അടച്ചിട്ടു. ഏഴു ലക്ഷത്തിലധികം ആളുകള്‍ പോയി, പക്ഷേ ഡൈ്വറ്റ് മൂഡി (1837-1899) ചിക്കാഗോയുടെ മറുവശത്തുള്ള ഒരു സംഗീത ഹാള്‍ പ്രസംഗവും പഠിപ്പിക്കലും കൊണ്ടു സജീവമാക്കാന്‍ ആഗ്രഹിച്ചു. മേളയുടെ അതേ ദിവസം തന്നെ മൂഡിക്ക് ഒരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ആര്‍.എ. റ്റോറിക്ക് (1856-1928) സംശയമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ അദ്ദേഹം അതു ചെയ്തു. റ്റോറി പിന്നീട് പറഞ്ഞതുപോലെ, ‘ഈ പഴയ ലോകം അറിയാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകത്തെ – ബൈബിള്‍” മൂഡിക്ക് അറിയാമായിരുന്നതിനാല്‍ ജനക്കൂട്ടം വന്നു. മൂഡിയെപ്പോലെ മറ്റുള്ളവരും ബൈബിളിനെ സ്‌നേഹിക്കണമെന്നും അര്‍പ്പണബോധത്തോടെയും അഭിനിവേശത്തോടെയും പതിവായി അതു വായിക്കണമെന്നും റ്റോറി ആഗ്രഹിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ചിക്കാഗോയില്‍, ദൈവം തന്റെ ആത്മാവിലൂടെ ആളുകളെ തന്നിലേക്കു മടക്കിക്കൊണ്ടുവന്നു. മാത്രമല്ല അവിടുന്ന് ഇന്നും സംസാരിക്കുന്നു. ദൈവത്തോടും തിരുവെഴുത്തുകളോടുമുള്ള സങ്കീര്‍ത്തനക്കാരന്റെ സ്‌നേഹത്തെ പ്രതിധ്വനിപ്പിക്കാന്‍ നമുക്കു കഴിയും, ‘തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായ്ക്കു തേനിലും നല്ലത്!” (സങ്കീര്‍ത്തനം 119:103). സങ്കീര്‍ത്തനക്കാരനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ കൃപയുടെയും സത്യത്തിന്റെയും വചനങ്ങള്‍ അവന്റെ പാതയ്ക്ക് ഒരു പ്രകാശമായും അവന്റെ കാലുകള്‍ക്ക് ഒരു ദീപമായും പ്രവര്‍ത്തിച്ചു (വാ. 105).  

രക്ഷകനോടും അവന്റെ സന്ദേശത്തോടുമുള്ള സ്‌നേഹത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ വളരാന്‍ കഴിയും? നാം തിരുവെഴുത്തില്‍ മുഴുകുമ്പോള്‍, ദൈവത്തോടുള്ള നമ്മുടെ ഭക്തിയെ അവിടുന്ന് വര്‍ദ്ധിപ്പിക്കുകയും നാം നടക്കുന്ന പാതകളില്‍ അവന്റെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടു നമ്മെ നയിക്കുകയും ചെയ്യും.