നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഒരു അവധി എടുക്കുക! ഹൃദ്രോഗ സാധ്യതയുള്ള മധ്യവയസ്‌കരായ പുരുഷ എക്‌സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പഠനശേഷം നാല്‍പതു വര്‍ഷം കഴിഞ്ഞ് ഫിന്‍ലന്‍ഡിലെ ഗവേഷകര്‍, അവരുടെ പഠനത്തില്‍ പങ്കെടുത്തവരെ അനുധാവനം ചെയ്തു. അവരുടെ യഥാര്‍ത്ഥ കണ്ടെത്തലുകളില്‍ അവര്‍ അന്വേഷിക്കാതിരുന്ന ചിലത് ശാസ്ത്രജ്ഞര്‍ കണ്ടെത്തി: ഒഴിവുസമയം കണ്ടെത്തുന്നവരില്‍ മരണനിരക്കു കുറവായിരുന്നു.

ജോലി ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ് – ഉല്പത്തി 3 ല്‍ ദൈവവുമായുള്ള നമ്മുടെ ബന്ധം താറുമാറാകുന്നതിനു മുമ്പുതന്നെ ദൈവം നമുക്കായി നിയോഗിച്ച ഒരു ഭാഗമായിരുന്നു അത്. ദൈവത്തിന്റെ മഹത്വത്തിനായി പ്രവര്‍ത്തിക്കാത്തവര്‍ അനുഭവിക്കുന്ന ജോലിയുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചു ശലോമോന്‍ എഴുതിയത്, അത് ‘ദുഃഖകരവും … വ്യസനകരവും” ‘ഹൃദയത്തിനു സ്വസ്ഥതയില്ലാത്തതും” എന്നേ്രത (സഭാപ്രസംഗി 2:22-23). അവര്‍ സജീവമായി പ്രവര്‍ത്തിക്കാത്തപ്പോഴും, അവരുടെ ‘ഹൃദയത്തിനു സ്വസ്ഥതയില്ല” എന്ന് അവന്‍ പറയുന്നു, കാരണം ഇനിയും ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത് (വാ. 23).

നമുക്കും ചിലപ്പോഴൊക്കെ നമ്മുടെ അധ്വാനം  ‘വൃഥാ പ്രയത്‌നം” (വാം 17) ആണെന്ന് തോന്നിയേക്കാം, ഒപ്പം നമ്മുടെ ജോലി ‘പൂര്‍ത്തിയാക്കാന്‍” കഴിയാത്തതില്‍ നിരാശരാകുകയും ചെയ്‌തേക്കാം. എന്നാല്‍ ദൈവം നമ്മുടെ അധ്വാനത്തിന്റെ – നമ്മുടെ ഉദ്ദേശ്യത്തിന്റെ – ഭാഗമാണെന്ന് ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് കഠിനാധ്വാനം ചെയ്യുവാനും വിശ്രമത്തിനു സമയമെടുക്കാനും കഴിയും. നമ്മുടെ ദാതാവായി നമുക്ക് ദൈവത്തെ വിശ്വസിക്കാം. കാരണം, അവിടുന്ന് സകലതും നല്‍കുന്നവനാണ്. ‘അവന്‍ നല്കിയിട്ടല്ലാതെ ആര്‍ ഭക്ഷിക്കും ആര്‍ അനുഭവിക്കും?” എന്ന് ശലോമോന്‍ അംഗീകരിക്കുന്നു (വാ. 25). ഒരുപക്ഷേ, ആ സത്യത്തെക്കുറിച്ച് നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ, നമുക്ക് അവനുവേണ്ടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും (കൊലൊസ്യര്‍ 3:23) നമുക്കു തന്നേ വിശ്രമ സമയങ്ങള്‍ അനുവദിക്കാനും കഴിയും.