ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ഒക്ടോബര്‍ ബുക്‌സ് എന്ന പുസ്തകശാലയിലെ സാധനങ്ങള്‍, തെരുവിന്റെ അപ്പുറത്തുള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനായി ഇരുനൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സഹായിച്ചു. സഹായികള്‍ ഫുട്പാത്തില്‍ നിരന്നു നിന്നുകൊണ്ട് ഒരു ‘മനുഷ്യ കണ്‍വെയര്‍ ബെല്‍റ്റിലൂടെ” പുസ്തകങ്ങള്‍ കൈമാറി. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ പറഞ്ഞു, ‘ആളുകള്‍ [സഹായിക്കുന്നത്] കാണുന്നത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. . . . വലിയ ഒരു കാര്യത്തിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിച്ചു.” 

നമ്മെക്കാള്‍ വലിയ ഒന്നിന്റെ ഭാഗമാകാന്‍ നമുക്കും കഴിയും. തന്റെ സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകത്തിലേക്കു പോകാന്‍ ദൈവം നമ്മെ ഉപയോഗിക്കുന്നു. ഒരാള്‍ നമ്മളോട് ആ സന്ദേശം പങ്കിട്ടതിനാല്‍, നമുക്കും മറ്റൊരാളിലേക്ക് അതു കൈമാറാന്‍ കഴിയും. പൗലൊസ് ഇതിനെ ഒരു തോട്ടം വളര്‍ത്തുന്നതിനോട് – ദൈവരാജ്യം പണിയുന്നതിനോട് – താരതമ്യപ്പെടുത്തി. നമ്മില്‍ ചിലര്‍ വിത്തുകള്‍ നടുന്നു, നമ്മില്‍ ചിലര്‍ വിത്തുകള്‍ നനയ്ക്കുന്നു. പൗലൊസ് പറഞ്ഞതുപോലെ നാം ‘ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കൊരിന്ത്യര്‍ 3:9).

ഓരോ ജോലിയും പ്രധാനമാണ്, എങ്കിലും എല്ലാം ചെയ്യുന്നത് ദൈവാത്മാവിന്റെ ശക്തിയിലാണ്. ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതിനായി അവരുടെ സ്ഥാനത്തു മരിക്കുന്നതിനായി തന്റെ പുത്രനെ അയച്ചതായും  (യോഹന്നാന്‍ 3:16) ആളുകള്‍ കേള്‍ക്കുമ്പോള്‍, അവര്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ ആത്മാവിനാല്‍ അവരെ പ്രാപ്തരാക്കുന്നു.

നിങ്ങളെയും എന്നെയും പോലുള്ള ‘സന്നദ്ധപ്രവര്‍ത്തകരിലൂടെ”യാണു ദൈവം ഭൂമിയില്‍ തന്റെ വേലയില്‍ ഭൂരിഭാഗവും ചെയ്യുന്നത്. നാം ചെയ്യുന്ന ഏതൊരു സംഭാവനയെക്കാളും വളരെ വലുതായ ഒരു സമൂഹത്തിന്റെ ഭാഗമാണു നാമെങ്കിലും, ലോകവുമായി അവിടുത്തെ സ്‌നേഹം പങ്കിടുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ അതിനെ വളര്‍ത്താന്‍ നമുക്കു കഴിയും.