സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ഒരു ബാളില്‍ വെച്ച് ഇംഗ്ലണ്ടിലെ രാജ്ഞിയെ കണ്ടുമുട്ടിയ ശേഷം, രാജകുടുംബം അവരോടൊപ്പം ചായകുടിക്കുന്നതിനായി അവരെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം സില്‍വിയയ്ക്കും ഭര്‍ത്താവിനും ലഭിച്ചു. രാജകീയ അതിഥികളെ സല്‍ക്കരിക്കുന്നതിനെക്കുറിച്ച് പരിഭ്രാന്തി പൂണ്ട് സില്‍വിയ വീടു വൃത്തിയാക്കാനും തയ്യാറെടുക്കാനും തുടങ്ങി. അവര്‍ വരുന്നതിനുമുമ്പ്, മേശപ്പുറത്തു വയ്ക്കുന്നതിനായി കുറച്ചുപൂക്കള്‍ എടുക്കാന്‍ പുറത്തേക്കു പോയപ്പോള്‍ അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ആ നമിഷത്തില്‍ അവന്‍ രാജാക്കന്മാരുടെ രാജാവാണെന്നും അവന്‍ എല്ലാ ദിവസവും അവളോടൊപ്പമുണ്ടെന്നും ദൈവം അവളെ ഓര്‍മ്മപ്പെടുത്തുന്നത് അവള്‍ക്കു മനസ്സിലായി. ഉടനെ അവള്‍ക്ക് സമാധാനം തോന്നി, ‘ഒന്നുമല്ലെങ്കിലും, ഇതു കേവലം രാജ്ഞിയാണ്!’ അവള്‍ ചിന്തിച്ചു.

സില്‍വിയ ചിന്തിച്ചതു ശരിയാണ്. അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിച്ചതുപോലെ, ദൈവം ‘രാജാധിരാജാവും കര്‍ത്താധികര്‍ത്താവുമാണ്’ (1 തിമൊഥെയൊസ് 6:15) അവനെ അനുഗമിക്കുന്നവര്‍ ‘ദൈവത്തിന്റെ മക്കള്‍” ആകുന്നു (ഗലാത്യര്‍ 3:26). നാം ക്രിസ്തുവിന്റെ വകയാകുമ്പോള്‍, നാം അബ്രാഹാമിന്റെ അവകാശികളാകുന്നു (വാ. 29). വംശം, സാമൂഹികഭേദം, ലിംഗഭേദം എന്നിങ്ങനെയുള്ള വിഭജനത്താല്‍ നാം മേലില്‍ ബന്ധിതരല്ല.  കാരണം, നാമെല്ലാവരും ‘ക്രിസ്തുയേശുവില്‍ ഒന്നത്രേ” (വാ. 28). നാം രാജാവിന്റെ മക്കളാണ്.

സില്‍വിയയും ഭര്‍ത്താവും രാജ്ഞിയുമൊത്ത് അത്ഭുതകരമായ ഒരു ഭക്ഷണം ആസ്വദിച്ചുവെങ്കിലും, രാജ്ഞിയില്‍നിന്ന് അടുത്തയിടെ ഒരു ക്ഷണം എനിക്കു ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സകലത്തിന്റെയും പരമോന്നത രാജാവ് ഓരോ നിമിഷവും എന്നോടൊപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. യേശുവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നവര്‍ക്ക് (വാ. 27) തങ്ങള്‍ ദൈവമക്കളാണെന്ന് അറിഞ്ഞുകൊണ്ട് ഐക്യത്തോടെ ജീവിക്കാന്‍ കഴിയും.

ഈ സത്യത്തെ മുറുകെപ്പിടിക്കുന്നത് ഇന്നു നാം ജീവിക്കുന്ന രീതിയെ എങ്ങനെ രൂപപ്പെടുത്തും?