‘എന്റെ വനദേവത രാജകുമാരിയുടെ നൃത്തം കണ്ടോളൂ മുത്തശ്ശീ!” വിടര്‍ന്ന ചിരിയോടെ ഞങ്ങളുടെ മൂന്നുവയസ്സുള്ള ചെറുമകള്‍, ഞങ്ങളുടെ ക്യാബിന്റെ മുറ്റത്തു ചുറ്റിക്കറങ്ങിക്കൊണ്ട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവളുടെ ‘നൃത്തം” ഞങ്ങളില്‍ ചിരിയുണര്‍ത്തി. അവളുടെ മൂത്ത സഹോദരന്‍ വിളിച്ചുപറഞ്ഞു, ‘അവള്‍ നൃത്തം ചെയ്യുകയല്ല, ഓടുകയാണ്’ അതൊന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിലുള്ള അവളുടെ സന്തോഷത്തെ കെടുത്തിയില്ല.
ആദ്യത്തെ ഓശാന ഞായറാഴ്ച, ഉയര്‍ച്ചതാഴ്ചകളുടെ ഒരു ദിവസമായിരുന്നു. യേശു കഴുതപ്പുറത്ത് യെരൂശലേമിലേക്കു വന്നപ്പോള്‍, ജനക്കൂട്ടം ആവേശത്തോടെ, ‘ഹോശന്ന! . . . കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!” (മത്തായി 21:9) എന്ന് ആര്‍ത്തു. എന്നിട്ടും ജനക്കൂട്ടത്തില്‍ പലരും റോമില്‍നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു മശിഹായെ ആണു പ്രതീക്ഷിച്ചിരുന്നത്. അതേ ആഴ്ചയില്‍ അവരുടെ പാപങ്ങള്‍ക്കായി മരിക്കുന്ന ഒരു രക്ഷകനെയല്ലായിരുന്നു!
അന്നു വൈകുന്നേരം, യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്ത മഹാപുരോഹിതന്മാരുടെ കോപത്തെ വകവയ്ക്കാതെ, ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ”ദാവീദ്പുത്രനു ഹോശന്ന” (വാ. 15) എന്ന് ആര്‍പ്പിട്ടുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഒരുപക്ഷേ അവര്‍ കുതിച്ചുചാടിയയും ഈന്തപ്പനയുടെ കുരുത്തോല വീശിയുംകൊണ്ട് പ്രാകാരത്തിനു ചുറ്റും ഓടിനടന്നിരിക്കാം. അവനെ ആരാധിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു” (വാ. 16) എന്ന് കോപിഷ്ഠരായ നേതാക്കളോട് യേശു പറഞ്ഞു. അവര്‍ രക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു!
താന്‍ ആരാണെന്ന് കാണാന്‍ യേശു നമ്മെയും ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, സന്തോഷം കവിഞ്ഞൊഴുകുന്ന ഒരു കുട്ടിയെപ്പോലെ, അവിടുത്തെ സന്നിധിയില്‍ സന്തോഷിക്കാനല്ലാതെ മറ്റൊന്നിനും നമുക്കു കഴികയില്ല.
ദൈനംദിന ശ്രദ്ധ തിരിക്കലുകളും മറ്റുള്ളവരുടെ അസംതൃപ്തിയും എങ്ങനെയാണു നിങ്ങളുടെ ശ്രദ്ധയെ കര്‍ത്താവില്‍ നിന്ന് അകറ്റിക്കളയുന്നത്? യേശുവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നതെന്താണ്?
സ്നേഹവാനായ ദൈവമേ, അങ്ങ് എനിക്കു ചെയ്തു തന്ന എല്ലാറ്റിനും നന്ദി! ഞാന്‍ അങ്ങയില്‍ സന്തോഷം കണ്ടെത്തുന്നതിനായി അങ്ങ് സഹിച്ച പങ്കപ്പാടുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ ശ്രദ്ധ അങ്ങയില്‍ കേന്ദ്രീകരിക്കുവാന്‍ എന്നെ സഹായിക്കണമേ.