പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ സി.എസ്. ലൂയിസ് ആദ്യമായി യേശുവിനു തന്റെ ജീവിതം സമര്‍പ്പിച്ചപ്പോള്‍, ദൈവത്തെ സ്തുതിക്കുന്നതിനെ അദ്ദേഹം ആദ്യം എതിര്‍ത്തുനിന്നു. വാസ്തവത്തില്‍, അദ്ദേഹം അതിനെ ‘ഇടര്‍ച്ചക്കല്ല്’ എന്നാണ് വിളിച്ചത്. ‘ദൈവം തന്നെ അത്് ആവശ്യപ്പെട്ടു’ എന്ന നിര്‍ദ്ദേശമാണ് അദ്ദേഹത്തിനു പ്രശ്‌നമായി തോന്നിയത്. എന്നിട്ടും ഒടുവില്‍ ലൂയിസ് അതു മനസ്സിലാക്കി, ‘ദൈവജനം ആരാധിക്കുമ്പോഴാണ് ദൈവം തന്റെ സാന്നിദ്ധ്യം തന്റെ ജനത്തിനു വെളിപ്പെടുത്തുന്നത്.” അപ്പോള്‍ നാം, ‘ദൈവത്തോടുള്ള സമ്പൂര്‍ണ്ണ സ്‌നേഹത്തില്‍” അവനില്‍ സന്തോഷം കണ്ടെത്തുന്നു. ആ സന്തോഷമാകട്ടെ ‘കണ്ണാടി സ്വീകരിക്കുന്ന പ്രകാശവും അതു പുറപ്പെടുവിക്കുന്ന പ്രകാശവും’ തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെയുള്ളതായിരിക്കും.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹബക്കൂക്ക് പ്രവാചകന്‍ ഈ നിഗമനത്തിലെത്തി. യെഹൂദജനതയ്ക്കു നേരെ വരുന്ന തിന്മകളെക്കുറിച്ചു ദൈവത്തോടു പരാതിപ്പെട്ടശേഷം, ദൈവത്തെ സ്തുതിക്കുന്നത് – ദൈവം ചെയ്യുന്ന കാര്യങ്ങള്‍ക്കുവേണ്ടിയല്ല, മറിച്ച് ദൈവം ആരാണ് എന്നതിനെക്കുറിച്ച് – സന്തോഷത്തിലേക്കു നയിക്കുന്നുവെന്ന് ഹബക്കൂക്ക് മനസ്സിലാക്കി. അങ്ങനെ, ഒരു ദേശീയ, അല്ലെങ്കില്‍ ആഗോള പ്രതിസന്ധിയില്‍പ്പോലും ദൈവം ഇപ്പോഴും വലിയവനാണ്. പ്രവാചകന്‍ പ്രഖ്യാപിച്ചതുപോലെ:
‘അത്തിവൃക്ഷം തളിര്‍ക്കുകയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കുകയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും” (ഹബക്കൂക്ക് 3:17-18). ‘എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും” അവന്‍ കൂട്ടിച്ചേര്‍ത്തു.

സി.എസ്. ലൂയിസ് ഗ്രഹിച്ചതുപോലെ, ‘ലോകം മുഴുവന്‍ സ്തുതി മുഴങ്ങുന്നു.’ അതുപോലെ, ഹബക്കൂക്കും എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നതിനു സ്വയം സമര്‍പ്പിച്ചു. ‘പുരാതനപാതകളില്‍ നടക്കുന്നവനില്‍’ സമൃദ്ധമായ സന്തോഷം കണ്ടെത്തി (വാ. 6).