ഒരു പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ താഴത്തെ നിലയിലുള്ള ഒരു ലൈബ്രറി ഞാന്‍ പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, മുറിയെ കുലുക്കിക്കൊണ്ട് എന്തോ പൊട്ടിത്തകരുന്ന ശബ്ദം മുകളില്‍നിന്നു കേട്ടു. അല്പസമയത്തിനുശേഷം അതു വീണ്ടും സംഭവിച്ചു, പിന്നീട് വീണ്ടും. അസ്വസ്ഥനായ ലൈബ്രേറിയന്‍ ഒടുവില്‍ വിശദീകരിച്ചു: ഒരു ഭാരോദ്വഹനസ്ഥാപനം ലൈബ്രറിക്കു നേരെ മുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ഭാരം താഴേക്കിടുമ്പോഴെല്ലാം ഈ ശബ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്താണ് ഈ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും, ഇത്തരം ശബ്ദകോലാഹലങ്ങള്‍ ഉള്ളിടത്തുനിന്നകലെ വായനശാല ക്രമീകരിക്കുന്ന കാര്യം ആരോ മറന്നുപോയി!

ജീവിതത്തിലും നമ്മുടെ പദ്ധതികള്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രധാനപ്പെട്ട പരിഗണനകള്‍ നമ്മള്‍ അവഗണിക്കുന്നു. നമ്മുടെ പദ്ധതികള്‍ എല്ലായ്‌പ്പോഴും അപകടങ്ങള്‍ക്കോ ആശ്ചര്യങ്ങള്‍ക്കോ കാരണമാകണമെന്നില്ല. സാമ്പത്തികപരാജയങ്ങള്‍, സമയനഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ആസൂത്രണം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, ഏറ്റവും ആസൂത്രിതമായ തന്ത്രങ്ങള്‍ക്കുപോലും നമ്മുടെ ജീവിതത്തില്‍നിന്ന് എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല. നാം ജീവിക്കുന്നത് ഏദനുശേഷമുള്ള ഒരു ലോകത്താണ്.

ദൈവത്തിന്റെ സഹായത്തോടെ, ഭാവിയെ വിവേകപൂര്‍വ്വം പരിഗണിക്കുന്നതും (സദൃശവാക്യങ്ങള്‍ 6:6-8) പ്രതിസന്ധികളോടു പ്രതികരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ നമുക്കു കഴിയും. നമ്മുടെ ജീവിതത്തിലേക്ക് അവിടുന്ന് അനുവദിക്കുന്ന കഷ്ടതയ്ക്ക് പലപ്പോഴും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നമ്മില്‍ ക്ഷമ വളര്‍ത്തുന്നതിനോ നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ നമ്മെ അവിടുത്തോട് അടുപ്പിക്കുന്നതിനോ അവിടുന്ന് അതിനെ ഉപയോഗിച്ചേക്കാം. ‘മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും” (സദൃശവാക്യങ്ങള്‍ 19:21) എന്നു ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യേശുവിനു സമര്‍പ്പിക്കുമ്പോള്‍, നമ്മിലും നമ്മിലൂടെയും അവിടുന്ന് എന്താണു പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുന്നു കാണിച്ചുതരും.