അവന്റെ പേരു സ്‌പെന്‍സര്‍ എന്നാണ്. എന്നാല്‍ എല്ലാവരും അവനെ ‘സ്‌പെന്‍സ്’ എന്നാണു വിളിക്കുന്നത്. ഹൈസ്‌കൂളില്‍ അവന്‍ സ്‌റ്റേറ്റ് ട്രാക്ക് ചാമ്പ്യനായിരുന്നു; തുടര്‍ന്ന് അവന്‍ ഒരു മുഴു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ, പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അവനിപ്പോള്‍ കെമിക്കല്‍ എഞ്ചിനീയറിങ് രംഗത്തു വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരാളായി അമേരിക്കയിലെ വന്‍ നഗരങ്ങളിലൊന്നില്‍ പാര്‍ക്കുന്നു. എന്നാല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ എന്താണെന്നു നിങ്ങള്‍ സ്‌പെന്‍സിനോടു ചോദിച്ചാല്‍, അദ്ദേഹം അവയൊന്നും പരാമര്‍ശിക്കയില്ല. മറിച്ച് മറ്റൊരു രാജ്യത്തെ ഏറ്റവും ദരിദ്രമേഖലകളില്‍ രൂപീകരിക്കാന്‍ താന്‍ സഹായിച്ച ട്യൂഷന്‍ പ്രോഗ്രാമുകളിലെ കുട്ടികളെയും അധ്യാപകരെയും പരിശോധിക്കുന്നതിനായി ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ആ രാജ്യത്തേക്കു നടത്തുന്ന യാത്രകളെക്കുറിച്ച് അദ്ദേഹം ആവേശപൂര്‍വ്വം നിങ്ങളോടു പറയും. അവരെ സേവിക്കുന്നതിലൂടെ തന്റെ ജീവിതം എത്രമാത്രം സമ്പന്നമായി എന്ന കാര്യം അദ്ദേഹം പറയും.

“ഇവയില്‍ ഏറ്റവും ചെറിയത്.’’ ആളുകള്‍ പലവിധത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്, എന്നിട്ടും ലോക മാനദണ്ഡങ്ങള്‍ക്കനുസൃതമായി, നമ്മുടെ സേവനത്തിനു പകരമായി ഒന്നും തിരികെ നല്‍കാന്‍ കഴിയാത്തവരെ അല്ലെങ്കില്‍ ഇല്ലാത്തവരെ വിവരിക്കാന്‍ യേശു ഇതുപയോഗിച്ചു. ലോകം പലപ്പോഴും അവഗണിക്കുന്ന – അല്ലെങ്കില്‍ പൂര്‍ണ്ണമായും മറക്കുന്ന – പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് അവര്‍. എന്നിട്ടും, ‘എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു’ (മത്തായി 25:40) എന്നു പറഞ്ഞുകൊണ്ടാണ് യേശു അവരെ ഇത്രയും മനോഹരമായ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ക്രിസ്തു പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ നിങ്ങള്‍ പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍നിന്നു ബിരുദം നേടണമെന്നില്ല: ‘ഏറ്റവും ചെറിയവരെ’ സേവിക്കുന്നത് അവനെ സേവിക്കുന്നതിനു തുല്യമാണ്. അതിനു മനസ്സുള്ള ഒരു ഹൃദയമാണ് ശരിക്കും വേണ്ടത്.