ഒരാള്‍ ഒരു പലചരക്കുകടയിലേക്കു ചെന്ന്, 500 രൂപ കൗണ്ടറിലേക്കിട്ടിട്ട് ചില്ലറ ആവശ്യപ്പെട്ടു. കടയുടമ ചില്ലറയെടുക്കാന്‍ മേശ തുറന്നയുടനെ, ആ മനുഷ്യന് ഒരു തോക്കു പുറത്തെടുത്തു ചൂണ്ടിക്കൊണ്ട് പണം മുഴുവനും നല്‍കാനാവശ്യപ്പെട്ടു. കടയുടമ പണം നല്കി. അയാള്‍ പണം എടുത്തു പുറത്തേക്കോടി രക്ഷപ്പെട്ടു, അഞ്ഞൂറു രൂപ നോട്ട് കൗണ്ടറില്‍ ഉപേക്ഷിച്ചാണയാള്‍ പോയത്. മേശയില്‍നിന്ന് അയാള്‍ക്കു ലഭിച്ച ആകെത്തുക? മുന്നൂറു രൂപ.
നാമെല്ലാവരും ചില സമയങ്ങളില്‍ ഭോഷത്വമായി പ്രവര്‍ത്തിക്കുന്നു-ഈ മോഷ്ടാവില്‍നിന്നു വ്യത്യസ്തമായി ശരിയായ കാര്യം ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍പ്പോലും. നമ്മുടെ ബുദ്ധിശൂന്യമായ പെരുമാറ്റത്തില്‍നിന്നു നാം എങ്ങനെ പഠിക്കുന്നു എന്നതാണു പ്രധാനം. തിരുത്തല്‍ ഇല്ലെങ്കില്‍, ഞങ്ങളുടെ മോശമായ തിരഞ്ഞെടുപ്പുകള്‍ ശീലങ്ങളായി മാറുകയും അതു നമ്മുടെ സ്വഭാവത്തെ നിഷേധാത്മകമായി രൂപപ്പെടുത്തുകയും ചെയ്യും. നാം ഭോഷന്മാരായിത്തീരും (സഭാപ്രസംഗി 10:3).
ചിലപ്പോഴൊക്കെ നമ്മുടെ ഭോഷത്തം അംഗീകരിക്കാന്‍ പ്രയാസമാണ്, കാരണം അതിന് അധിക ജോലി ആവശ്യമാണ്. ഒരുപക്ഷേ നമ്മുടെ ഒരു പ്രത്യേക സ്വഭാവ വൈകല്യത്തെക്കുറിച്ച് നാം വിലയിരുത്തേണ്ടിവരും, അതു വേദനാജനകമാണ്. അല്ലെങ്കില്‍ ഒരു തീരുമാനം തിടുക്കത്തില്‍ എടുത്തതാണെന്നും അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഞങ്ങള്‍ സമ്മതിക്കേണ്ടിവരും. കാരണം എന്തുതന്നെയായാലും, നമ്മുടെ ഭോഷത്വവഴികളെ അവഗണിക്കുന്നതിനു നാം വിലകൊടുക്കേണ്ടിവരും.
ശിക്ഷണത്തിനും രൂപീകരണത്തിനും നമ്മുടെ ഭോഷത്വത്തെ ഉപയോഗിക്കാന്‍ ദൈവത്തിനു കഴിയും എന്നതിനു നന്ദി പറയാം. ശിക്ഷണം ഒരുകാലത്തും ‘സന്തോഷകരമല്ല.” എന്നാല്‍ അതിന്റെ പരിശീലനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ഫലം നല്കുന്നു (എബ്രായര്‍ 12:11). നമ്മുടെ ഭോഷത്വമായ സ്വഭാവം മാറ്റുന്നതിനു പിതാവിന്റെ ശിക്ഷണം സ്വീകരിക്കുകയും നമ്മളാകാന്‍ അവിടുന്ന് ആഗ്രഹിക്കുന്ന പുത്രന്മാരെയും പുത്രിമാരെയുംപോലെ നമ്മെ കൂടുതല്‍ ആക്കിത്തീര്‍ക്കാന്‍ അവിടുത്തോട് അപേക്ഷിക്കുകയും ചെയ്യാം.
അടുത്തയിടെ നിങ്ങള്‍ നടത്തിയ ഭോഷത്വമായ തിരഞ്ഞെടുപ്പ് എന്താണ്? അതില്‍നിന്നു നിങ്ങള്‍ എന്തു പഠിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവെന്നാണു നിങ്ങള്‍ കരുതുന്നത്?
പിതാവേ, എന്നെ പരിശീലിപ്പിക്കാന്‍ എന്റെ ഭോഷത്വത്തെ ഉപയോഗിച്ചതിന് അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങ് എന്നില്‍ പ്രവര്‍ത്തിക്കുന്നതു തുടരുമ്പോള്‍, അങ്ങയുടെ ശിക്ഷണം കൃപയോടെ സ്വീകരിക്കാന്‍ എനിക്കു കഴിയട്ടെ.