1945 ജൂലൈ 16 നു ന്യൂ മെക്‌സിക്കോയിലെ വിദൂരമരുഭൂമിയില്‍ ആദ്യത്തെ അണ്വായുധം പൊട്ടിത്തെറിച്ചതോടുകൂടിയാണ് ആണവ യുഗം ആരംഭിച്ചതെന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ പോലും കാണാന്‍ കഴിയുന്ന എന്തും കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ, ഗ്രീക്കു തത്ത്വചിന്തകനായ ഡെമോക്രീറ്റസ് (ഏകദേശം ബി.സി. 460-370) ആറ്റത്തിന്റെ നിലനില്പിനെയും ശക്തിയെയും കുറിച്ചു ഗവേഷണം നടത്തിയിരുന്നു. ഡെമോക്രീറ്റസ് അദ്ദേഹത്തിനു കാണാനാവുന്നതിലും കൂടുതല്‍ മനസ്സിലാക്കി, ആറ്റമിക് സിദ്ധാന്തമായിരുന്നു അതിന്റെ ഫലം.

നമുക്കു കാണാന്‍ കഴിയാത്തവയെ സ്വീകരിക്കുന്നതാണു വിശ്വാസത്തിന്റെ സാരം എന്നു തിരുവെഴുത്തു പറയുന്നു. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” എന്ന് എബ്രായര്‍ 11:1 സ്ഥിരീകരിക്കുന്നു. ഈ ഉറപ്പ് അഭിലാഷപൂര്‍വ്വമായ, അല്ലെങ്കില്‍ പോസിറ്റീവായ ചിന്തയുടെ ഫലമല്ല. മറിച്ചു നമുക്കു കാണാന്‍ കഴിയാത്ത ദൈവത്തിലും പ്രപഞ്ചത്തില്‍ ഉറപ്പായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിലുമുള്ള ഉറപ്പാണത്. അവിടുത്തെ യാഥാര്‍ത്ഥ്യം അവിടുത്തെ സൃഷ്ടിപരമായ പ്രവൃത്തികളില്‍ പ്രദര്‍ശിപ്പിക്കുകയും (സങ്കീര്‍ത്തനം 19:1), പിതാവിന്റെ സ്‌നേഹത്തെ നമുക്കു വെളിപ്പെടുത്താനായി വന്ന തന്റെ പുത്രനായ യേശുവിലൂടെ അവിടുത്തെ അദൃശ്യസ്വഭാവവും വഴികളും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (യോഹന്നാന്‍ 1:18).

അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലെ, “നാം ജീവിക്കുകയും ചരിക്കുകയും ഇരിക്കുകയും ചെയ്യുന്ന” ദൈവം അവിടുന്നാണ് (പ്രവൃ. 17:28). അതുപോലെ, ‘കാഴ്ചയാലല്ല, വിശ്വാസത്താലാണ് നാം നടക്കുന്നത്” (2 കൊരിന്ത്യര്‍ 5:7). എങ്കിലും നാം ഒറ്റയ്ക്കു നടക്കുന്നില്ല. അദൃശ്യനായ ദൈവം, യാത്രയുടെ ഓരോ ചുവടിലും നമ്മോടൊപ്പം നടക്കുന്നു.