ചിലപ്പോഴൊക്കെ കുട്ടികളുടെ വാക്കുകള്‍ ദൈവികസത്യങ്ങളെക്കുറിച്ച് ആഴമായ ഒരു ബോധ്യം നമുക്കു നല്‍കാറുണ്ട്. എന്റെ മകള്‍ ചെറുപ്പമായിരുന്നപ്പോള്‍, ഒരു വൈകുന്നേരം, ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു മഹത്തായ രഹസ്യത്തെക്കുറിച്ചു ഞാന്‍ അവളോടു പറഞ്ഞു – ദൈവം തന്റെ പുത്രനിലൂടെയും ആത്മാവിലൂടെയും ദൈവമക്കളില്‍ വസിക്കുന്നു എന്ന സത്യം. കിടക്കയില്‍ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, യേശു അവളോടുകൂടെയും അവളിലും ഉണ്ടെന്നു ഞാന്‍ പറഞ്ഞു. “യേശു എന്റെ വയറ്റിലാണോ?” അവള്‍ ചോദിച്ചു. “ഇല്ല, നീ യേശുവിനെ വിഴുങ്ങിയിട്ടില്ലല്ലോ,” ഞാന്‍ മറുപടി പറഞ്ഞു. “പക്ഷേ, യേശു നിന്നോടുകൂടെയുണ്ട്.’’

യേശു  “അവളുടെ വയറ്റില്‍’’ എന്ന എന്റെ മകളുടെ അക്ഷരീയവിവര്‍ത്തനം എന്നെ പിടിച്ചുനിര്‍ത്തി ചിന്തിപ്പിച്ചു. യേശുവിനെ എന്റെ രക്ഷകനാകാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവിടുന്ന് വന്ന് എന്റെ ഉള്ളില്‍ വസിച്ചതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചു.

ക്രിസ്തു “വിശ്വാസത്താല്‍ അവരുടെ ഹൃദയങ്ങളില്‍ വസിക്കുവാന്‍’’ പരിശുദ്ധാത്മാവ് എഫെസൊസിലെ വിശ്വാസികളെ ശക്തിപ്പെടുത്തണമെന്നു പ്രാര്‍ത്ഥിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് ഈ മര്‍മ്മത്തെക്കുറിച്ചു പരാമര്‍ശിച്ചു (എഫെസ്യര്‍ 3:17). യേശു ഉള്ളില്‍ വസിക്കുന്നതിനാല്‍, അവിടുന്ന് അവരെ എത്രമാത്രം ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സ്‌നേഹത്താല്‍ പ്രചോദിതരായ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ പക്വത പ്രാപിക്കുകയും മറ്റുള്ളവരെ താഴ്മയോടും സൗമ്യതയോടും സ്‌നേഹിക്കുകയും സ്‌നേഹത്തില്‍ സത്യം സംസാരിക്കുകയും ചെയ്യും (4:2, 25).

യേശു തന്റെ ശിഷ്യന്മാരുടെയുള്ളില്‍ വസിക്കുന്നു എന്നതിനര്‍ത്ഥം, തങ്ങളുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വീകരിച്ചവരെ അവിടുത്തെ സ്‌നേഹം ഒരിക്കലും കൈവിടുകയില്ല എന്നാണ്. പരിജ്ഞാനത്തെ കവിയുന്ന അവിടുത്തെ സ്‌നേഹം (3:19) നമ്മെ യേശുവില്‍ വേരുറപ്പിക്കുകയും അവിടുന്നു നമ്മെ എത്ര ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കായി എഴുതിയ ഈ വാക്കുകള്‍, അത് ഏറ്റവും മികച്ച നിലയില്‍ പറയുന്നത്: “അതെ, യേശു എന്നെ സ്‌നേഹിക്കുന്നു!”