ഏഴാം നൂറ്റാണ്ടില്‍, ഇപ്പോള്‍ യുണൈറ്റഡ് കിങ്ഡം എന്നറിയപ്പെടുന്നത് പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പല രാജ്യങ്ങളായിരുന്നു. അതിലൊരു രാജാവായ, നോര്‍ത്തംബ്രിയയിലെ ഓസ്വാള്‍ഡ് യേശുവില്‍ വിശ്വസിച്ചപ്പോള്‍, തന്റെ പ്രദേശത്തേക്ക് സുവിശേഷം എത്തിക്കാനായി ഒരു മിഷനറിയെ വിളിച്ചുവരുത്തി. കോര്‍മാന്‍ എന്നൊരാളാണ് വന്നത്, പക്ഷേ കാര്യങ്ങള്‍ ശരിയായി മുന്നോട്ടു പോയില്ല. ഇംഗ്ലിഷുകാര്‍ ‘ധാര്‍ഷ്ട്യക്കാരും,’ ‘പ്രാകൃതരും,’ ആണെന്നും തന്റെ പ്രസംഗത്തില്‍ അവര്‍ക്കു താല്പര്യമില്ലെന്നും മനസ്സിലാക്കിയ കോര്‍മാന്‍ നിരാശനായി നാട്ടിലേക്കു മടങ്ങി.

എയ്ഡന്‍ എന്ന സന്യാസി കോര്‍മാനോടു പറഞ്ഞു, ‘നിങ്ങളുടെ വിദ്യാഭ്യാസമില്ലാത്ത ശ്രോതാക്കളോട് നിങ്ങള്‍ ആവശ്യത്തിലധികം കാഠിന്യം കാണിച്ചു എന്നാണെനിക്കു തോന്നുന്നത്.’ നോര്‍ത്തംബ്രിയക്കാര്‍ക്ക് ‘കൂടുതല്‍ ലളിതമായ ഉപദേശത്തിന്റെ പാല്‍’ നല്‍കുന്നതിനുപകരം, കോര്‍മാന്‍ അവര്‍ക്ക് ഇനിയും ഗ്രഹിക്കാന്‍ പ്രാപ്തിയില്ലാത്ത ഉപദേശമാണു നല്‍കിയിരുന്നത്. എയ്ഡന്‍ നോര്‍ത്തംബ്രിയയിലേക്കു പോയി, ജനങ്ങളുടെ അറിവിന്് അനുയോജ്യമായി അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ആയിരക്കണക്കിനാളുകള്‍ യേശുവില്‍ വിശ്വസിച്ചു.

മിഷനറിദൗത്യത്തിലുള്ള ഈ തന്ത്രപ്രധാനമായ സമീപനം തിരുവെഴുത്തില്‍നിന്നാണ് എയ്ഡനു ലഭിച്ചത്. ‘ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നത്; ഭക്ഷിക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല” (1 കൊരിന്ത്യര്‍ 3:2) പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു. ശരിയായ ജീവിതം ജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതിനുമുമ്പ്, യേശുവിനെക്കുറിച്ചുള്ള അടിസ്ഥാന പഠിപ്പിക്കലുകളായ മാനസാന്തരവും സ്‌നാനവും ഗ്രഹിപ്പിക്കണം എന്ന് എബ്രായര്‍ പറയുന്നു (എബ്രായര്‍ 5:13-6:2). പക്വത ലക്ഷ്യം വയ്ക്കുമ്പോള്‍ത്തന്നെ (5:14), നമുക്കു ക്രമം നഷ്ടപ്പെടരുത്. ഭക്ഷണത്തിനു മുമ്പു പാല്‍ നല്‍കണം. തങ്ങള്‍ക്കു മനസ്സിലാകാത്ത ഉപദേശം അനുസരിക്കാന്‍ ആളുകള്‍ക്കു കഴികയില്ല. 

നോര്‍ത്തംബ്രിയക്കാരുടെ വിശ്വാസം ആത്യന്തികമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പുറത്തേക്കും വ്യാപിച്ചു. എയ്ഡനെപ്പോലെ, മറ്റുള്ളവരുമായി സുവിശേഷം പങ്കിടുമ്പോള്‍, ആളുകള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരെ കണ്ടുമുട്ടുക.